28 May Thursday

കർണാടക പൊലീസ്‌ തടഞ്ഞു; ചികിത്സകിട്ടാതെ എഴുപത്തഞ്ചുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കാസർകോട്
അത്യാസന്നനിലയിൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയ വൃദ്ധയായ രോഗിയെ കർണാടക പൊലീസ് തടഞ്ഞതിനെ തുടർന്ന്‌ മരിച്ചു. മഞ്ചേശ്വരം ഉദ്യാവാറിൽ താമസിക്കുന്ന കർണാടക ബണ്ട്വാൾ സ്വദേശിനി ഫാത്തിമ (75)യാണ്‌ മരിച്ചത്‌.

കടുത്ത ശ്വാസംമുട്ടലുള്ള ഇവർ മംഗളൂരുവിലെ ആശുപത്രിയിലാണ്‌ ഡോക്ടറെ കാണിച്ചിരുന്നത്‌. രോഗം കൂടുമ്പോൾ വേഗംചികിത്സ കിട്ടാനാണ് മംഗളൂരുവുമായി  ബണ്ട്വാളിനേക്കാൾ അടുത്തുള്ള മഞ്ചേശ്വരത്ത്‌ മകന്റെ മകളുടെ വീട്ടിൽ താമസിച്ചിരുന്നത്‌. ശനിയാഴ്‌ച രോഗം കലശലായി ആംബുലൻസിൽ തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ എത്തിയെങ്കിലും പോകാൻ കർണാടക പൊലീസ്‌ അനുവദിച്ചില്ല. കെദംപാടിയിലെ ഗ്രാമീണ പാതവഴി  ദേർലക്കട്ടെയിലെ ആശുപത്രിയിലേക്ക്‌  പോകാൻ ആംബുലൻസ്‌ ഡ്രൈവർ ശ്രമിച്ചതും കർണാടക പൊലീസ്‌ വിഫലമാക്കി.

പിന്നീട്‌, സ്വകാര്യ വ്യക്തിയുടെ വഴിയിലൂടെ പോകാൻ ശ്രമിച്ചപ്പോഴും  കർണാടക സ്വദേശിയായ സ്ഥലയുടമ  തടഞ്ഞു. കെഞ്ചിപ്പറഞ്ഞിട്ടും കണാടക പൊലീസ്‌ പോകാൻ അനുവദിച്ചില്ലെന്ന്‌ ഡ്രൈവർ അസ്ലം പറഞ്ഞു. ഡ്രൈവറും സഹായിയും രോഗിയുടെ ബന്ധുവും മാത്രമാണ്‌ ആംബുലൻസിലുണ്ടായിരുന്നത്‌. മറ്റു വഴിയില്ലാതെ വീട്ടിലേക്ക്‌ മടങ്ങി. ഞായറാഴ്‌ച പുലർച്ചെ അഞ്ചോടെ ഫാത്തിമ മരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top