28 February Friday
ഹോട്ട്‌ലൈൻ തുറന്നു

വുഹാനിൽ കുടുങ്ങിയവരിൽ 20 മലയാളികളും ; ചൈനയിൽ നിന്നെത്തിയവർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

ഹോട്ട്‌ലൈൻ   +8618612083629, +8618612083617 - --

കൊറോണ ബാധയെ തുടർന്ന്‌ വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബീജിങ്ങിലെ ഇന്ത്യൻ എംബസി ഇടപെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ച്‌ വരുന്നതായും ബീജിങ്‌, വുഹാൻ, ഹ്യുബേയി എന്നിവിടങ്ങളിലെ ചൈനീസ്‌ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ വരുന്നതായും എംബസി അറിയിച്ചു. അവശ്യ വിവരങ്ങൾക്കും സഹായത്തിനുമായി വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും എംബസിയുടെ +8618612083629, +8618612083617 ഹോട്ട്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.

20 മലയാളികൾ ഉൾപ്പെടെ 56 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളാണ്‌ വുഹാനിലുള്ളത്‌. മെഡിക്കൽ പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി തുടരുന്നവരാണ്‌ നാട്ടിലെത്താനാകാതെ വിഷമിക്കുന്നത്‌. നേരത്തെ ഏതാനും വിദ്യാർഥികൾ നാട്ടിലേക്ക്‌ മടങ്ങിയിരിക്കുന്നു. ഇവർ അതത്‌ പ്രദേശങ്ങളിലെ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്‌.

വുഹാനിൽ കുടുങ്ങിയ വിദ്യാർഥികളോട്‌ പുറത്ത്‌ പോകരുതെന്നും സുരക്ഷയും ആവശ്യമായ മറ്റ്‌ സൗകര്യങ്ങളും ഒരുക്കാമെന്നും സർവകലാശാല നിർദേശിച്ചിട്ടുണ്ട്‌. 
വിദ്യാർഥികൾക്കാർക്കും വൈറസ്‌ ബാധ ലക്ഷണങ്ങൾ ഇല്ല. സുരക്ഷയെ കരുതി മാത്രമാണ്‌ ജാഗ്രതാ നിർദേശമെന്നും സർവകലാശാല അറിയിച്ചു.

ചൈനയിൽ നിന്നെത്തിയവർ  നിരീക്ഷണത്തിൽ
കൊറോണ വൈറസ്‌ ബാധയുടെ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിനെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അടുത്തിടെ ചൈനയിൽനിന്ന്‌ മടങ്ങിയെത്തിയ വെങ്ങോല സ്വദേശിയായ യുവാവാണ്‌ നിരീക്ഷണത്തിലുള്ളത്‌. രോഗലക്ഷണങ്ങളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഇയാളെ  മെഡിക്കൽ കോളേജിലേക്ക്‌ മാറ്റുകയായിരുന്നു. യുവാവിൽനിന്ന്‌ സാമ്പിൾ ശേഖരിച്ച്‌ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചിട്ടുണ്ടെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ പറഞ്ഞു.

രോഗബാധ സ്ഥിരീകരിച്ചാൽ ചികിത്സകൾ തുടങ്ങും.  അടുത്ത ബന്ധം പുലർത്തിയവരെയും 28 ദിവസംവരെ നിരീക്ഷിക്കും. ഇടയ്‌ക്കിടെ ചൈനയിൽ പോകുന്ന ഇദ്ദേഹം കഴിഞ്ഞ 21നാണ്‌ ഒടുവിൽ പോയിവന്നത്‌. ബംഗളൂരുവിലാണ്‌ താമസം.

ചങ്ങനാശേരി സ്വദേശി അമൃതാ ആശുപത്രിയിൽ
ചൈനയിൽ മെഡിക്കൽ വിദ്യാർഥിയായ കോട്ടയം ചങ്ങനാശേരി സ്വദേശിയെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സാമ്പിൾ ശേഖരിച്ച് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ കെ കുട്ടപ്പൻ പറഞ്ഞു.

തിരുവനന്തപുരത്ത്‌ യുവതി
തിരുവനന്തപുരം
കൊറോണ വൈറസ്‌ പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത്‌ ഒരാൾ നിരീക്ഷണത്തിൽ. ചെമ്പഴന്തി സ്വദേശിനിയാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ളത്‌. ഇവരുടെ സ്രവം വിദഗ്‌ധ പരിശോധനയ്ക്കായി പുണെയിലയച്ചു. പരിശോധനാ ഫലം ഒരാഴ്ചയ്ക്കകം ലഭിക്കും.
ചൈനയിൽ മെഡിക്കൽ വിദ്യാർഥിയായ യുവതി 11നാണ്‌ നാട്ടിൽ എത്തിയത്‌. യുവതിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി സൂപ്രണ്ട്‌ എം എസ്‌ ഷർമദ്‌ പറഞ്ഞു.

തൃശൂരിൽ 7 പേർ 
വിദേശരാജ്യങ്ങളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ- ജില്ലയിലെത്തിയ ഏഴുപേർ  നിരീക്ഷണത്തിൽ.അതിലൊരാളെ പനിയെത്തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തസാ-മ്പിൾ പരി-ശോധനക്കായി പു-ണെയിലയച്ചു. ഇയാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.മറ്റുള്ളവർ ഏതാനും ദിവസം വീടുകളിൽ നിരീക്ഷണത്തിലാണ്.

കൊച്ചിയിലെത്തിയത്‌ മികച്ച ചികിത്സ തേടി
കൊച്ചി
കൊറോണ വൈറസ്‌ ബാധ സംശയിച്ച്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവാവ്‌  കേരളത്തിലെത്തിയത്‌ ഇവിടുത്തെ ചികിത്സാ സൗകര്യങ്ങളുടെ മേന്മയിൽ വിശ്വാസമർപ്പിച്ച്‌. ബംഗളൂരുവിൽ സ്ഥിരസാമസക്കാരനായ യുവാവ്‌ മലേറിയയോ ഡെങ്കിപ്പനിയോ ആണെന്ന സംശയത്തിലാണ്‌ ബംഗളൂരുവിൽ ചികിത്സതേടിയത്‌. കൊറോണ വാർത്തകൾ വന്നതോടെ മികച്ച ചികിത്സ തേടി കേരളത്തിലേക്ക്‌ വരികയായിരുന്നു.

ബംഗളൂരുവിൽ ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ ഉൽപ്പാദന യൂണിറ്റ്‌ ചൈനയിലാണ്‌. കൊറോണ വൈറസ്‌ബാധ കണ്ടെത്തിയ പ്രദേശത്തുനിന്ന്‌ 1500 കിലോമീറ്ററോളം അകലെ ഷെങ്സെൻ എന്ന സ്ഥലത്താണ്‌ ഈ വ്യവസായ യൂണിറ്റ്‌.  ചുമയും പനിയും ബാധിച്ചപ്പോൾ ബംഗളൂരുവിലെ  സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. മലേറിയയോ ഡെങ്കിപ്പനിയോ ആണെന്നു സംശയിച്ചു. തുടർന്നാണ്‌ ചികിത്സ കേരളത്തിലേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌.

മലയാളി നേഴ്‌സ്‌ 2 ദിവസത്തിനകം ആശുപത്രി വിടും
സൗദി അറേബ്യയിൽ ചികിത്സയിലുള്ള മലയാളി നേഴ്‌സ്‌ രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിട്ടേക്കും. അസീർ നാഷണൽ ഹോസ്‌പിറ്റലിൽ ചികിത്സയിലുള്ള ഏറ്റുമാനൂർ സ്വദേശിയായ നേഴ്‌സ്‌ സുഖം പ്രാപിച്ച്‌ വരുന്നതായും വൈറസ്‌ പടരാതിരിക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചതായും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്‌ അറിയിച്ചു. അബഹയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള മലയാളി നേഴ്‌സുമാർ എല്ലാവരെയും വിട്ടയച്ചു. ഇവർക്ക്‌ രോഗലക്ഷണം ഇല്ലെന്ന്‌ സ്ഥിരീകരിച്ചു.  വൈറസ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ മുഴുവൻ ജീവനക്കാരുടെയും രക്ത സാമ്പിൾ പരിശോധിച്ചിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top