25 May Monday

‘കൊറോണയോ... എപ്പം?’ ; അനക്കമില്ലാതെ കൊച്ചി കോർപറേഷൻ

സ്വന്തം ലേഖകൻUpdated: Monday Mar 30, 2020

കൊച്ചി > കോവിഡ്‌–--19 പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാത്ത കൊച്ചി നഗരസഭയ്‌ക്കെതിരെ വീണ്ടും രൂക്ഷവിമർശനം. ആവശ്യമായിടത്തെല്ലാം സമൂഹ അടുക്കള ആരംഭിക്കുക, തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കുക, അതിഥിത്തൊഴിലാളികൾക്ക് കൂടുതൽ ക്യാമ്പുകൾ തുടങ്ങുക എന്നീ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ നഗരഭരണത്തിന്‌ ഗുരുതര പിഴവുണ്ടായതായാണ്‌ മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിമർശനമുയർന്നത്‌. മന്ത്രിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ചേർന്ന യോഗത്തിൽ ഇക്കാര്യങ്ങളിൽ കർശന നിർദേശം മന്ത്രി നൽകിയിരുന്നു. എന്നാൽ, നഗരസഭ ഒരു ഇടപെടലും നടത്തിയില്ല. സമൂഹ അടുക്കള തുടങ്ങുന്നതിൽ അലംഭാവം കാണിച്ച നഗരസഭയെ കഴിഞ്ഞദിവസം കലക്ടർ താക്കീത്‌ ചെയ്‌തിരുന്നു.

കുടുംബശ്രീ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിക്കണമെന്ന് മന്ത്രി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ, ഇപ്പോഴും സമൂഹ അടുക്കള പ്രവർത്തനത്തിൽ മാറ്റമുണ്ടായിട്ടില്ല. എത്ര സമൂഹ അടുക്കള തുടങ്ങിയെന്ന ചോദ്യത്തിന് മറുപടി പറയാൻപോലും മേയർ സൗമിനി ജെയിൻ തയ്യാറായില്ല. തെരുവിൽ അലഞ്ഞുനടക്കുന്നവരെ എസ്ആർവി സ്കൂളിലും ഗവ. ഗേൾസ്‌ സ്കൂളിലുമായി പുനരധിവസിപ്പിക്കണമെന്ന തീരുമാനവും നടപ്പായില്ല. എസ്ആർവി സ്കൂളിൽ മാത്രമാണ് ക്യാമ്പ് തുടങ്ങിയത്. ഇവിടെയാകട്ടെ ആവശ്യത്തിലധികംപേരെ പാർപ്പിച്ചിട്ടുണ്ട്‌. നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിയുന്നവരെ മാത്രമാണ് ഇതുവരെ പുനരധിവസിപ്പിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷൻ, വൈറ്റില, കടവന്ത്ര ഭാഗങ്ങളിലുള്ളവർ ഇപ്പോഴും തെരുവിലാണ്.

അതിഥിത്തൊഴിലാളികൾക്കായി കൂടുതൽ ക്യാമ്പ് തുടങ്ങണമെന്ന തീരുമാനവും നടപ്പായില്ല. തൊഴിലുടമയുടെ കീഴിലുള്ളവരുടെ ഉത്തരവാദിത്തം ഉടമതന്നെ ഏറ്റെടുക്കണമെന്നും അല്ലാത്തവരെ നഗരസഭാ ക്യാമ്പുകളിൽ എത്തിക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ, നഗരസഭ അനങ്ങിയിട്ടില്ല. കോവിഡ്–-19 നിരീക്ഷണത്തിൽ ആയിരത്തിലധികം അതിഥിത്തൊഴിലാളികളാണ് നഗരസഭാ അതിർത്തിയിലുള്ളത്. ഇവർക്ക് ഭക്ഷ്യസാധനങ്ങളുടെ കിറ്റ് നൽകണമെന്നും യോഗം നിർദേശിച്ചിരുന്നു. എന്നാൽ, 70 പേർക്കു മാത്രമാണ് കിറ്റുകൾ നൽകിയത്.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട നഗരസഭാ സെക്രട്ടറി ഒരു ഇടപെടലും നടത്തുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങളായ കെ ജെ ആന്റണിയും പൂർണിമ നാരായണും യോഗത്തിൽ പറഞ്ഞു. സെക്രട്ടറിയെ മാറ്റണമെന്നും അവർ പറഞ്ഞു. കലക്ടർ എസ്‌ സുഹാസ്‌, എംഎൽഎമാരായ എം സ്വരാജ്‌, ജോൺ ഫെർണാണ്ടസ്‌, കെ ജെ മാക്സി, ടി ജെ വിനോദ്‌, മേയർ സൗമനി ജെയിൻ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷർ, സിഡിഎസ്‌ ചെയർപേഴ്സൺമാർ, സപ്ലൈ ഓഫീസർ എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top