22 October Tuesday
മുന്‍വര്‍ഷത്തേക്കാള്‍ 26 കോടി വര്‍ധന

വിലക്കുറവിന്റെ ഓണമൂട്ടി കണ്‍സ്യൂമര്‍ഫെഡ്: ഓണം വിപണി വില്‍പ്പന 150 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

കൊച്ചി> പ്രളയത്തെയും പേമാരിയെയും അതിജീവിച്ച കേരളത്തിന് വിലക്കുറവിന്റെ നേരനുഭവം പകര്‍ന്നത് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി. ഇത്തവണം 3500 സഹകരണ ഓണം വിപണിയിലൂടെ നടന്നത് 150 കോടിയുടെ വില്‍പ്പന.

ഓണക്കാല വില്‍പനയില്‍ മുന്‍വര്‍ഷത്തേതിലും 26 കോടിയുടെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞവര്‍ഷം സബ്സിഡി ഇനത്തില്‍ 94 കോടി രൂപയുടെയും നോണ്‍ സബ്സിഡി ഇനത്തില്‍ 31 കോടി രൂപയുടെയും ഉള്‍പ്പെടെ 125 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.

 സര്‍ക്കാര്‍ സബ്സിഡി വഴി 50 ശതമാനം വരെ വിലക്കുറവില്‍ 13 ഇനം സാധനങ്ങളാണ് ജനങ്ങള്‍ക്കെത്തിച്ചത്. 101 കോടി രൂപയുടെ വിറ്റുവരവും പത്ത് ശതമാനം മുതല്‍ 30 ശതമാനം വരെ വില്‍ക്കുറവില്‍ 49 കോടിയുടെ നോണ്‍ സബ്സിഡി സാധനങ്ങളും നല്‍കാനായി.

  പൊതു വിപണിയിലെ  വിലനിലവാരമനുസരിച്ച് ഇത് 267 കോടി രൂപയുടെ ഇടപെടലാകും. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓണചന്തകളിലൂടെയുമാണ് വിപണി ഇടപെടല്‍ നടത്തിയത്.

പൊതുവിപണിയില്‍ 215 -രൂപ വിലയുള്ള വെളിച്ചെണ്ണ 92-രൂപയ്ക്കും 42 -രൂപയുടെ പഞ്ചസാര 22-രൂപയ്ക്കും അരി 25 രൂപയ്ക്കുമാണ് ഓണചന്തയില്‍ ലഭ്യമാക്കിയത്. ഗുണനിലവാരം  ഉറപ്പാക്കി ഇ--ടെണ്ടര്‍ വഴിയാണ് സാധനങ്ങള്‍ വാങ്ങിയത്.

കാഷ്യൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ലബോറട്ടറി ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമാണ് സാധനങ്ങളെത്തിച്ചത്. ഗുണനിലവാരം കുറഞ്ഞ വിവിധ ഇനം സാധനങ്ങളുടെ 84 ലോഡുകള്‍ തിരിച്ച് വിട്ടു. ഒരു ഓണം വിപണിയില്‍പോലും ക്രമക്കേടോ പൂഴ്ത്തി വയ്പോ നടന്നിട്ടില്ലെന്നും കേരളത്തിലെ സഹകാരികളുടെ ജനകീയ മേല്‍നോട്ടത്തിലാണ് ഓണം വിപണികള്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

വിദേശമദ്യ വ്യാപാര വില്‍പനയിലും ഇത്തവണ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ 10 ദിവസങ്ങളിലായി 72.88 കോടി രൂപയുടെ വില്‍പന നടന്നത്.ഇത്തവണ 78.60 കോടി രൂപയായി വര്‍ധിച്ചു.

കണ്‍സ്യൂമര്‍ഫെഡിന്റെ 39 വിദേശമദ്യ ഷോപ്പുകളില്‍ കോഴിക്കോട് വിദേശമദ്യ ഷോപ്പാണ് വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തിയത് 5.46 കോടി രൂപയായിരുന്നു വില്‍പന.

 


പ്രധാന വാർത്തകൾ
 Top