17 August Saturday

യോഗിക്കെതിരെ കോണ്‍ഗ്രസ് പ്രതികരിക്കാത്തതെന്ത്; ദേശീയതലത്തില്‍ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019


ബിജെപിയെ പുറത്താക്കാൻ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകണമെന്ന എ കെ ആന്റണിയുടെ അഭിപ്രായം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 2004ൽ ഇടതുപക്ഷത്തിന് കൂടുതൽ അംഗങ്ങളുള്ളതുകൊണ്ടാണ് ബിജെപിയെ പുറത്താക്കി ഒന്നാം യുപിഎ സർക്കാർ രൂപീകരിച്ചതെന്ന കാര്യം ആന്റണി ഓർക്കണം. ഇതേ നിലപാട് സ്വീകരിച്ച 2004ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ  കോൺഗ്രസിന‌് കേരളത്തിൽനിന്ന് ഒരു സീറ്റ് പോലും ലഭിച്ചില്ലെന്ന കാര്യം മറക്കേണ്ട. അതേ അനുഭവമായിക്കും ഇത്തവണയും കോൺഗ്രസിന് ഉണ്ടാകാൻ പോകുന്നത്. കൊല്ലം പ്രസ് ക്ലബ്ബിന്റെ ‘ജനവിധി 2019' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

ഏറ്റവും വലിയ കക്ഷിയായാലേ സർക്കാർ രൂപീകരിക്കാൻ കഴിയുകയുള്ളൂവെന്ന വാദം ശരിയല്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. 1989ൽ വി പി സിങ‌് സർക്കാർ രൂപീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ  പാർടി ഏറ്റവും വലിയ കക്ഷിയായിരുന്നില്ല. 1996ൽ ദേവഗൗഡ പ്രധാനമന്ത്രിയായത് ഏറ്റവും വലിയ കക്ഷിയായിട്ടല്ല. ഈ വസ്തുതകൾ എല്ലാം അറിഞ്ഞ് ബോധപൂർവം  തെറ്റായ പ്രചാരവേല ചെയ്യുകയാണ് എ കെ ആന്റണി.  ഇതേ പ്രചാരവേല നടത്തി ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് ആന്റണി ആഹ്വാനം ചെയ്തത്. അന്ന് ഇടതുപക്ഷത്തിന് 18 സീറ്റ് ലഭിച്ചു.

ബിജെപിയെ പുറത്താക്കണമെങ്കിൽ കോൺഗ്രസ് ജയിക്കണമെന്ന വാദം നിരർഥകമാണ്. കോൺഗ്രസ് ജയിച്ചാലും തോറ്റാലും മന്ത്രിസഭ രൂപീകരിക്കുക ബിജെപിയാണ്.  ഗോവ, മണിപ്പുർ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ്  ഏറ്റവും വലിയകക്ഷിയായിട്ടും  എന്തുകൊണ്ട് ബിജെപിയെ പുറത്താക്കാൻ കഴിഞ്ഞില്ലെന്നതിന് ആന്റണി മറുപടി  പറയണം. 

നിലവിലെ ലോക‌്സഭയിൽ  272 ബിജെപി എംപിമാരിൽ 103 പേർ പഴയ കോൺഗ്രസ് നേതാക്കളാണ്.  കേരളത്തിലും ഇത്തരക്കാർ ഇല്ലെന്ന് എങ്ങനെ പറയും. ഇപ്പോൾ ബിജെപി സ്ഥാനാർഥിയായ ഡോ. കെ എസ് രാധാകൃഷ്ണൻ കോൺഗ്രസ് നേതാക്കൾക്ക് ക്ലാസ് എടുത്തിരുന്ന ആളല്ലേ.

എഐസിസി അംഗമായ രാമൻനായർ, വനിതാ കമീഷൻ അംഗമായ പ്രമീള ദേവി എന്നിവർ ബിജെപിക്ക് വേണ്ടിയല്ലേ പ്രചാരണം നടത്തുന്നത്. കോൺഗ്രസുകാർ പകൽ കോൺഗ്രസും രാത്രി ബിജെപിയും ആണെന്നു പറഞ്ഞത് ആന്റണി തന്നെയല്ലേ.  ആർഎസ്എസിന്റെ അതേ സമീപനം തന്നെയാണ് കോൺഗ്രസും സ്വീകരിക്കുന്നത്.
ബിജെപിയേക്കാൾ ഇടതുപക്ഷത്തെയാണ് കോൺഗ്രസ് ശത്രുക്കളായി കാണുന്നത്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം.

ബിജെപിയെ അവരുടെ ശക്തികേന്ദ്രങ്ങളിൽ പോയി നേരിടാൻ കെൽപ്പില്ലാതെ കോൺഗ്രസ് പ്രസിഡന്റ‌്  കേരളത്തിൽ വന്നാണ് ബിജെപിയെ നേരിടുമെന്നു പറയുന്നത്. ഇതിലൂടെ കോൺഗ്രസ് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാൻ പറഞ്ഞു.  ഹിന്ദു പത്രം മുഖപ്രസംഗം എഴുതി.
സിപിഐ എമ്മിനെതിരെ പറയില്ലെന്ന് രാഹുൽഗാന്ധി പറയുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ഞങ്ങൾക്കെതിരെ പറയണം.  ഞങ്ങളും പറയും. ഒരു സൗജന്യവും ഞങ്ങൾക്കു വേണ്ട.

പാർലമെന്റിൽ നരേന്ദ്രമോഡിയെ രൂക്ഷമായി വിമർശിച്ചശേഷം അദ്ദേഹത്തെ പോയി കെട്ടിപ്പിടിച്ച് പരിഹാസ്യനായ ആളാണ് രാഹുൽഗാന്ധി. അതുപോലെയേ ഇതിനെയും കാണേണ്ടതുള്ളൂവെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top