02 June Tuesday

AUDIO - ഖനനസമരം നിർത്താൻ അമ്പലപ്പുഴയിലെ കോൺഗ്രസ്‌ നേതാവ്‌ 10 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടു; ശബ്‌ദരേഖ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

അമ്പലപ്പുഴ > കരിമണൽ ഘനനത്തിനെതിരെ സമര രംഗത്തുള്ള കോൺഗ്രസ് നേതാവ് ഘനനം നടത്തണമെങ്കിൽ പണം നൽകണമെന്നാവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്. തോട്ടപ്പള്ളി ഫിഷിങ് ഹാർബറിനു സമീപം കരി മണൽ ഘനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഐ ആർ ഇ (ഇന്ത്യൻ റയർ എർത്ത് ) യിൽ നിന്ന് കരാർ ഏറ്റെടുത്ത വരിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖയാണ് നവ മാധ്യമങ്ങൾ വഴി ഇപ്പോൾ പ്രചരിക്കുന്നത്. കോൺഗ്രസ്‌ പുറക്കാട്‌ മണ്ഡലം പ്രസിഡന്റും ധീവരസഭ ജില്ലാ പ്രസിഡന്റുമായ ഓമനക്കുട്ടന്റേതാണ്‌ ശബ്‌ദരേഖ.

2015 ഫെബ്രുവരിയിലാണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കരിമണൽ ഘനനം നടത്താൻ ഐ ആർ ഇ ക്ക് അനുമതി നൽകിയത്. 2011 ൽ കമ്മീഷൻ ചെയ്ത തോട്ടപ്പള്ളി ഫിഷിങ് ഹാർബറിൽ അടിഞ്ഞുകൂടുന്ന മണൽ ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്യുകയും അതു വഴി  ഹാർബറിന്റെ പ്രവർത്തനം സുഗമമാക്കുകയുമായിരുന്നു ലക്ഷ്യം. ഒപ്പം നീക്കം ചെയ്യുന്ന മണലിൽ നിന്ന് ധാതു (കരി)മണൽ വേർതിരിച്ച് ഐ ആർ ഇ എടുക്കുയായിരുന്നു. ഇങ്ങനെ ഒരു മീറ്റർ ക്യൂബ് മണ്ടലിന് 464 രൂപ മുതൽ 660 രൂ വരെ ഐ ആർ ഇ പണം നൽകുന്നുമുണ്ട്. എന്നാൽ ഇനി മുതൽ തോട്ടപ്പള്ളിയിൽ ഐ ആർ ഇ ഘനനവുമായി ബന്ധപ്പെട്ട് പ്ലാന്റ് പ്രവർത്തിപ്പിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും അതിൽ 5 ലക്ഷം ഉടൻ ലഭ്യമാക്കണമെന്നും ബാക്കി 5 ലക്ഷം രൂപ പിന്നീട് നൽകണമെന്നുമാണ് ഫോൺ സന്ദേശത്തിലുളളത്.

ഘനനം സുഗമമായി നടന്നു വന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിശബ്ദത പാലിച്ച കോൺഗ്രസ്, ബിജെപി, ധീവരസഭ നേതൃത്വങ്ങൾ എൽ ഡി എഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ കരിമണൽ ഘനനത്തിനെതിരെ നിരന്തരം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് പുറക്കാട് മണ്ഡലം പ്രസിഡന്റും ധീവരസഭാ ജീല്ലാ പ്രസിഡന്റുമായ ഓമനക്കുട്ടൻ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖ പുറത്താകുന്നത്.

പ്രളയത്തിൽ ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി ജനജീവിതം ഏറെ ദുരിതത്തിലാകുകയും, പാടശേഖരങ്ങളിൽ മടവീണ്‌ കൃഷി നശിക്കുകയും ചെയ്തു. ഇതേ തുടർന്ന് വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ വഴിയുള്ള കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക്‌ സുഗമമായി കായലിലേക്ക് പരമാവധി വെള്ളം ഒഴുക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. 350 മീറ്റർ നീളം വരുന്ന സ്പിൽവേയുടെ അതേ വീതിയിൽ വെള്ളം പടിഞ്ഞാറേക്ക്‌ ഒഴുക്കാൻ ആവശ്യമായ നടപടി വേണമെന്നും ഇതിന് തടസമായി നിൽക്കുന്ന കാറ്റാടി മരങ്ങൾ നീക്കം ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ കാറ്റാടി മരങ്ങൾ നീക്കം ചെയ്യാൻ അനുവദിക്കില്ലന്ന നിലപാടുമായി കോൺഗ്രസ്, ബി ജെ പി, ധീവരസഭ നേതാക്കൾ രംഗത്തെത്തി. ജനകീയ പ്രതിരോധ സമിതി എന്ന പേരിൽ സമര രംഗത്തെത്തിയ സംഘടനയുടെ ജനറൽ കൺവീനർ കൂടിയായ ആളാണ് ഇപ്പോൾ, 10 ലക്ഷം രൂപ തന്നാൽ, തടഞ്ഞിട്ടിരിക്കുന്ന മണൽ വിടുനൽകി സമരത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണന്നുമുള്ള നിലയിൽ ഫോൺ സംഭാഷണം നടത്തുന്നത്. ഞാൻ സാറുമായി സംസാരിച്ചുവെന്നും അതിന്റെയടിസ്ഥാത്തിലാണ് വിളിക്കുന്നതെന്നും പറയുന്ന സംഭാഷണത്തിൽ ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ഓഫീസ് നിർമ്മാണത്തിനായിണ് പണമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ധീവരസഭക്ക് താലൂക്ക് കമ്മിറ്റിക്ക്  ഓഫീസ് എന്നത് ഉടൻ അജണ്ടയിൽ ഇല്ലാത്ത കാര്യമാണന്നും ' എന്നാൽ സംഭാഷണത്തിൽ പറയുന്ന "സാർ " നു വേണ്ടിയാകാം ഇദ്ദേഹം പണം ആവശ്യപ്പെട്ടതെന്നുമാണ് ധീവരസഭാംഗങ്ങൾ പറയുന്നത്.

സംഭവം വിവാദമായതോടെ ഫോൺ സംഭാഷണത്തിൽ പറയുന്ന സാർ ആരാണന്ന് വെളിപ്പെടുത്തണമെന്നും, ജനകീയ സമരസമിതിയെന്ന പേരിൽ തീരവാസികളെ കബളിപ്പിച്ച് പണം കൊച്ചുന്ന സമരങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യമുയർത്തി ഒരു വിഭാഗമാളുകൾ രംഗത്തെത്തിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top