19 September Saturday

ദുരിതകാലത്ത് കോൺഗ്രസ്‌ എന്തു ചെയ്‌തു , ഇതാണോ പാരമ്പര്യം ; ചോദ്യവുമായി സേവാദൾ മുൻ സംസ്ഥാന ഭാരവാഹികൾ

കെ ടി രാജീവ്‌Updated: Friday Aug 14, 2020

കോട്ടയം
‘ഇതുപോലൊരു ആപത്‌ഘട്ടത്തിൽ കോൺഗ്രസ്‌ നേതാക്കൾ ചെയ്യുന്നത്‌ ചരിത്രം ക്ഷമിക്കില്ലെന്നും ഇതാണോ പാരമ്പര്യമെന്നും തുറന്നടിച്ച്‌ കോൺഗ്രസ്‌ സേവാദൾ മുൻ സംസ്ഥാന നേതാക്കൾ. കൊച്ചുകുട്ടികൾ കുടുക്ക പൊട്ടിച്ചുപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ചെറുസമ്പാദ്യ തുട്ടുകൾ നൽകുമ്പോൾ കോടിക്കണക്കിന്‌ രൂപ ആസ്‌തിയുള്ള യുഡിഎഫ്‌ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ എന്ത്‌ നൽകി. ദുരിതാശ്വാസ നിധിയിലേക്ക്‌ കോൺഗ്രസുകാരും അനുകൂല സംഘടനകളും സംഭാവന നൽകിയെന്ന്‌‌ കേൾക്കാൻ സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്നു. ഇത്‌ കോൺഗ്രസ്‌ അണികളുടെപോലും വികാരമാണെന്ന്‌ സേവാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്‌ കുര്യനും സംസ്ഥാന ഇൻസ്‌ട്രക്ടറായിരുന്ന മൂലേപറമ്പിൽ ജോയിയും (ജോൺ തോമസ്‌) പറയുന്നു.

1981 മുതൽ 84 വരെ സേവാദൾ അമരക്കാരായി പ്രവർത്തിച്ചിരുന്ന തങ്ങൾ കടുത്ത ഗ്രൂപ്പ്‌ പോര്‌ അനുഭവിച്ച്‌ നിർജീവമാവുകയായിരുന്നു എന്നും വ്യക്തമാക്കുന്നു. കോൺഗ്രസ്‌ നേതാക്കൾക്കിടയിലുള്ള സ്വാർഥരാഷ്‌ട്രീയ കളി സംസ്ഥാനത്തിനാകെ അപമാനകരമാണെന്ന്‌ - ഇവർ പറയുന്നു. കോവിഡ്‌ മഹാമാരിക്കൊപ്പം പ്രകൃതി ദുരന്തങ്ങളും നാടിനെ തളർത്തുമ്പോൾ ഒന്നും ചെയ്യാതെ വിമർശന പരമ്പരമാത്രം നടത്തുന്നവർ ദോഷൈകദൃക്കുകളാണ്‌. ചില്ലിക്കാശ്‌ നൽകില്ലെന്ന്‌ പറയുന്നവർ ജനപ്രതിനിധിയാവാൻ യോഗ്യരല്ല. നാനാമേഖലകളിൽനിന്നും സഹായം പ്രവഹിക്കുന്നു‌.

ചില നേതാക്കൾ പിന്തിരിഞ്ഞ്‌ നിൽക്കുമ്പോൾ സംഭാവന നൽകുന്ന കോൺഗ്രസുകാരും ഉണ്ട്‌. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുക പ്രതിപക്ഷ കടമയാണ്‌. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ കടമ നിർവഹിക്കാതെ ദിവസേന ആരോഗ്യമന്ത്രിയെപ്പോലും കടന്നാക്രമിക്കുന്നത്‌ കോൺഗ്രസുകാർ പോലും ഇഷ്‌ടപ്പെടുന്നില്ല.  ഏത്‌പ്രതിസന്ധിയിലും വിപരീത ഊർജവുമായി പോകുന്ന നേതാക്കൾക്കെതിരെ രോഷവും അമർഷവും ഉള്ളിലുള്ള ധാരാളം അണികളുണ്ടെന്ന്‌ മനസ്സിലാക്കണമെന്നും ഇവർ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top