24 October Thursday

സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ്: കണ്ണൂരും കാലിക്കറ്റിലും എസ്എഫ്ഐ ആധിപത്യം

സ്വന്തം ലേഖകര്‍Updated: Thursday Sep 5, 2019

കണ്ണൂര്‍/ കോഴിക്കോട്> ദുഷ്പ്രചാരണങ്ങളെ അതിജീവിച്ച് കണ്ണൂര്‍--കാലിക്കറ്റ് സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം. കെഎസ്യു--എംഎസ്എഫ് സഖ്യത്തിനും എബിവിപിക്കും വിദ്യാര്‍ഥികളില്‍ നിന്നേറ്റത് കനത്ത പരാജയം. 

കണ്ണൂര്‍ സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്ന  67ല്‍  55 കോളേജിലും എസ്എഫ്‌ഐ തിളക്കമാര്‍ന്ന ജയം നേടി. കലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അരീക്കോട് സുല്ലമുസ്സലാം കോളേജില്‍ 21 വര്‍ഷത്തിനു ശേഷം എസ്എഫ്‌ഐ യൂണിയന്‍ ഭരണത്തില്‍ തിരിച്ചെത്തി.

പാലേമാട് എസ് വി പി കെ കോളേജ്, കെ എം സി ടി കോളേജ് കുറ്റിപ്പുറം, സഫ കോളേജ് പൂക്കാട്ടിരി, മലബാര്‍ കോളേജ് മാണൂര്‍ എന്നിവ എംഎസ്എഫ്-- കെഎസ്യു സഖ്യത്തില്‍നിന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയില്‍ 41ല്‍ 34 കോളേജ് യൂണിയനുകളും കാസര്‍കോട്ട് 21ല്‍ പതിനേഴും വയനാട്ടില്‍ അഞ്ചില്‍ നാലും എസ്എഫ്ഐ നേടി. 

ആകെ 84 യുയുസിമാരില്‍ - 68  എണ്ണവും കണ്ണൂരില്‍ 56ല്‍ 45ഉം കാസര്‍കോട്ട് 23ല്‍ 19ഉം വയനാട്ടില്‍ അഞ്ചില്‍  നാലും എസ്എഫ്ഐക്കൊപ്പമാണ്.  ആറ്  കോളേജുകള്‍ എസ്എഫ്ഐ പിടിച്ചെടുത്തു. കാസര്‍കോട് ഗവ. കോളേജ്, മഞ്ചേശ്വരം  ഗോവിന്ദപൈ,  പനത്തടി സെന്റ് മേരീസ്, കണ്ണൂര്‍ കാരക്കുണ്ട് എംഎം നോളജ്, മുട്ടന്നൂര്‍ കോണ്‍കോഡ്, കൂത്തുപറമ്പ് നിര്‍മലഗിരി എന്നിവയാണ് പിടിച്ചെടുത്തവ.

മഞ്ചേശ്വം ഗോവിന്ദപൈ കോളേജില്‍ എബിവിപിയെയും  മറ്റിടങ്ങളില്‍ കെഎസ്യു-- എംഎസ്എഫ് സഖ്യത്തെയുമാണ് പരാജയപ്പെടുത്തിയത്.  17 കോളേജുകളില്‍ മുഴുവന്‍ സീറ്റും  എസ്എഫ്ഐ നേടി. 
 
27 കോളേജുകളില്‍ എസ്എഫ്ഐക്ക്  എതിരുണ്ടായില്ല. 36 യുയുസി സ്ഥാനത്തേക്കും എതിരുണ്ടായില്ല. കണ്ണൂര്‍ ജില്ലയില്‍ 20ലും  കാസര്‍കോട്ട് ആറിടത്തും വയനാട് ഒരു കോളേജിലുമാണ് യൂണിയന്‍ എസ്എഫ്ഐ എതിരില്ലാതെ  നേടിയത്.  കലിക്കറ്റില്‍ തൃശൂര്‍ ജില്ലയില്‍ 27ല്‍- 25കോളേജിലും യൂണിയന്‍ എസ്എഫ്‌ഐക്കാണ്.

ഒല്ലൂര്‍ ഗവ. ആര്‍ട്‌സ്ആന്‍ഡ് സയന്‍സ് കോളേജ്, കൊടുങ്ങല്ലൂര്‍ ഐഎച്ച് ആര്‍ഡി കോളേജ് എന്നിവ എബിവിപിയില്‍ നിന്നും പൊയ്യ എയിംസ് ലോകോളേജ് കെഎസ്യുവില്‍നിന്നും പിടിച്ചെടുത്തു. അഞ്ചിടത്ത് എസ്എഫ്‌ഐക്ക് എതിരില്ലായിരുന്നു.

വയനാട് തെരഞ്ഞെടുപ്പ് നടന്ന 13 കോളേജുകളില്‍ ഒമ്പതിലും എസ്എഫ്ഐ വിജയിച്ചു. 20 യുയുസിമാരില്‍ 15 ഉംനേടി. പാലക്കാട് തെരഞ്ഞെടുപ്പ് നടന്ന 38ല്‍ 30ലും  വിജയിച്ചു. 43 യുയുസിമാരും എസ്എഫ്ഐ പ്രതിനിധികള്‍. പത്തോളം കോളേജുകളില്‍ എതിരുണ്ടായില്ല. മലപ്പുറം ജില്ലയില്‍ 25 കോളേജുകളില്‍ മികച്ച വിജയം നേടി.
 40 യുയുസിമാരും എസ്എഫ്ഐക്കാണ്. കോഴിക്കോട് തെരഞ്ഞെടുപ്പ് നടന്ന 50ല്‍ 36 ഉം എസ്എഫ്ഐ ക്കാണ്. 'വിധിയെഴുതാം വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ 'എന്ന മുദ്രാവാക്യമുയര്‍ത്തിയ തെരഞ്ഞെടുപ്പില്‍ കെഎസ്യു-- എംഎസ്എഫ്-- എബിവിപി അവിശുദ്ധ കൂട്ടുകെട്ടിനെ തകര്‍ത്തെറിഞ്ഞാണ് എസ്എഫ്ഐ ആധിപത്യം.

 കാലിക്കറ്റില്‍ അഭിമാന വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.


 


പ്രധാന വാർത്തകൾ
 Top