03 April Friday

കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മരണം 19 ആയി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

കോയമ്പത്തൂര്‍ > കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് അപടകത്തില്‍പ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.

അപകടത്തിൽ മരിച്ച ഡ്രൈവർ ഗീരീഷ്‌, കണ്ടക്‌ടർ ശെബജു, റോസിലിജോൺ, രാഗേഷ്‌

അപകടത്തിൽ മരിച്ച ഡ്രൈവർ ഗീരീഷ്‌, കണ്ടക്‌ടർ ശെബജു, റോസിലിജോൺ, രാഗേഷ്‌

അപകടത്തില്‍ മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. രാഗേഷ് (35) -പാലക്കാട്, ജിസ്മോന്‍ ഷാജു (24) -തുറവൂര്‍, നസീഫ് മുഹമ്മദ് അലി(24) -തൃശ്ശൂര്‍,കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ ബൈജു (47), ഐശ്വര്യ (28), ഇഗ്നി റാഫേല്‍ (39) -തൃശ്ശൂര്‍, കിരണ്‍ കുമാര്‍ (33), ഹനീഷ് (25) -തൃശ്ശൂര്‍, ശിവകുമാര്‍ (35) -ഒറ്റപ്പാലം, ബസ് ഡ്രൈവര്‍  ഗിരീഷ് (29) -എറണാകുളം, ശിവശങ്കര്‍ പി (30)-എറണാകുളം, കെ വി അനു(25)-കൊല്ലന്നൂര്‍ ഹൗസ്,തൃശൂര്‍, ജോഫി പോള്‍(30)- തൃശൂര്‍, യേശുദാസ്, ഗോപിക(25)-എറണാകുളം, തൃശൂര്‍, എംസി മാത്യു(30)- എറണാകുളം, കെ തങ്കച്ചന്‍(40)- എറണാകുളം, മാനസി മണികണ്‍ഠന്‍(25)-ബാംഗ്ലൂര്‍,  റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

പുലര്‍ച്ചെ മൂന്നരയ്‌ക്കാണ് അപകടം. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്.

ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്‌ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്‌തിരുന്നവരാണ്.

ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് സൂചനയുണ്ട്. ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.

പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top