12 November Tuesday

കേരളത്തിന്റെ സ്വന്തം "കൊക്കോണിക്‌സ്‌' പൊതുവിപണിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019


സ്വന്തം ലേഖകൻ
കുതിച്ചുയരുന്ന കേരളത്തിന്‌ അഭിമാനമായി "കൊക്കോണിക്‌സ്‌ ലാപ്‌ടോപ്‌' പൊതുവിപണിയിലേക്ക്‌. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത്‌ ആരംഭിച്ച പൊതു സ്വകാര്യ സംരംഭത്തിലൂടെ പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ്‌ ജനുവരിയിൽ വിപണിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു.

രാജ്യത്ത്‌ ആദ്യമായാണ്‌ പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ലാപ്‌ടോപ്‌ നിർമിക്കുന്നത്‌. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉൽപ്പാദനരംഗത്തെ ആഗോളകമ്പനിയായ യുഎസ്ടി ഗ്ലോബൽ, ഇന്റൽ, കെഎസ്‌ഐഡിസി, സ്റ്റാർട്ടപ്പായ ആക്‌സിലറോൺ എന്നീ സ്ഥാപനങ്ങൾ ചേർന്നാണ്‌ കോക്കോണിക്‌സ്‌ ആരംഭിച്ചത്‌. മൂന്ന്‌ വ്യത്യസ്‌ത മോഡലുകളിൽ നാല്‌ നിറത്തിലായി പൊതുവിപണിയിലെത്തും. ഇതര ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാൾ വില കുറവായിരിക്കും.

കെൽട്രോണിന്റെ തിരുവനന്തപുരം മൺവിളയിലുള്ള പഴയ പ്രിന്റഡ്‌ സർക്യൂട്ട്‌ നിർമാണശാലയാണ്‌ നവീകരിച്ച്‌ കോക്കോണിക്‌സിന്‌ കൈമാറിയത്‌. വർഷം രണ്ടര ലക്ഷം ലാപ്‌ടോപ്‌ നിർമിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്‌. സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളികളിലും ഇതിനകം കോക്കോണിക്‌സ്‌ ലാപ്‌ടോപ്‌ കൈമാറിയിട്ടുണ്ട്‌. ഉൽപ്പാദനവും വിൽപ്പനയും സർവീസും കൂടാതെ പഴയ ലാപ്ടോപുകൾ തിരിച്ചുവാങ്ങി സംസ്കരിക്കുന്ന ഈ –- -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കൊക്കോണിക്‌സ്‌ ഒരുക്കുന്നുണ്ട്‌.

പെട്രോളും സ്വർണവും കഴിഞ്ഞാൽ രാജ്യത്ത്‌ ഏറ്റവും അധികം ഇറക്കുമതി ചെയ്യേണ്ടിവരുന്നത്‌ ഇലക്‌ട്രോണിക്‌ സാധനങ്ങളാണെന്ന തിരിച്ചറിവാണ്‌ സംസ്ഥാന സർക്കാരിനെ ഇതിന്‌ പ്രേരിപ്പിച്ചത്‌. സംസ്ഥാനത്തെ 20 ലക്ഷം വീടുകളിൽ സൗജന്യമായി ഇന്റർനെറ്റ്‌ നൽകാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ ഫോൺ പദ്ധതി അടുത്തവർഷം പൂർത്തിയാകും. കുറഞ്ഞവിലയിൽ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പും വിപണിയിലെത്തുന്നതോടെ ഐടിരംഗത്ത്‌ വൻ കുതിച്ചുചാട്ടമാണ്‌ സംസ്ഥാനത്തുണ്ടാകുക. മെയ്‌ക്ക്‌ ഇൻ ഇന്ത്യയുടെ "മികച്ച മാതൃക’ എന്നാണ് കേരളത്തിന്റെ പരീക്ഷണമായ കൊക്കോണിക്‌സിനെ ഇന്റൽ ഇന്ത്യാ ഹെഡ് നിർവൃതി റായ് വിശേഷിപ്പിച്ചത്.


പ്രധാന വാർത്തകൾ
 Top