27 March Wednesday

രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തിലേക്ക്; ചാലക്കുടിയിലും ചെങ്ങന്നൂരിലും സ്ഥിതി നിയന്ത്രണവിധേയം,58506 പേരെ ഇന്ന് രക്ഷപ്പെടുത്തി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

തിരുവനന്തപുരം > പ്രളയക്കെടുതിയുടെ ആശങ്ക ഒഴിയുന്നുവെന്നും രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തിലേക്കെത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നദികളിലെ കുത്തൊഴുക്കും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെങ്കിലും ഇതിനയെല്ലാം നേരിട്ടാണ്  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി ലക്ഷ്യത്തിലേക്കെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു സഹായകമായത് കേരളത്തിന്റെ ജനാധിപത്യമനസും ഒരുമയുമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മേഘവിസ്ഫോടനവും ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ ഇത്തരത്തിലൊരു പ്രളയമുണ്ടാകാന്‍ കാരണം, 94 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊന്ന് കേരളത്തിലുണ്ടാകുന്നത്. കേരളത്തിന്റെ എല്ലാതരത്തിലുമുള്ള പ്രത്യേകതകളും മനസിലാക്കിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.  ആദ്യഘട്ടത്തില്‍ തന്ന പ്രളയക്കെടുതിയെകുറിച്ചുള്ള മുന്നറിയിപ്പുകള്‍ അതത് ജില്ലകള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. ഇതിനു വേണ്ടി ആഗസ്ത് എട്ടിന് യോഗം ചേര്‍ന്ന് പ്രളയക്കെടുതി ചര്‍ച്ച ചെയ്ത് മുന്നറിയിപ്പ് നല്‍കി. ഒമ്പതിന് യോഗം ചേര്‍ന്ന,് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 24 മണിക്കൂര്‍  പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ സ്ഥാപിക്കുകയും വലിയ ദുരന്തം നേരിടേണ്ടി വരുമെന്ന് മനസിലാക്കി ദീര്‍ഘകാല പദ്ധതികള്‍ക്ക്  സര്‍ക്കാര്‍ നേതൃത്വം നല്‍കി; മുഖ്യമന്ത്രി പറഞ്ഞു.

ചാലക്കുടി, ചെങ്ങന്നൂര്‍ മേഖലകളിലാണ്  ഇന്നലെ കൂടുതല്‍ പ്ര‌ശ്‌നബാധിത മേഖലായി പറഞ്ഞിരുന്നുത്. വിവിധ സേനകളുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിലൂടെ ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് മാത്രം 22 ഹെലികോപ്റ്റര്‍ , 83 നേവി ബോട്ട്, 57 എന്‍ഡിആര്‍എഫ് ടീമും ബോട്ടുകളും, 5 ഡിഎസ്എഫ്ഡി, 35 കോസ്റ്റ്ഗാര്‍ഡ് ടീമും ബോട്ടുകളും, 59 ഫയര്‍ഫോഴ്സ് ബോട്ട്, 600 മത്സ്യത്തൊഴിലാളികള്‍, 40000 പൊലീസുകാരും ബോട്ടുകളും, 3200 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടായിരുന്നത്.  58506 പേരെ ഇന്ന് മാത്രം രക്ഷരപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം പൊലീസിനും ജില്ലാഭരണകൂടത്തിനുമാണ്. ഇതിനായി ജില്ലയിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്പെഷ്യല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനതലത്തിലും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ രാവിലെയും വൈകിട്ടും അവലോകനയോഗങ്ങള്‍ ചേര്‍ന്ന് എന്താണ് നടന്നതെന്നും എന്താണ് നടത്തേണ്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങളെ അറിയിച്ചിരുന്നു.

തമിഴ്നാട്,ആസാം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും സംസ്ഥാന സര്‍ക്കാരും  സൈന്യവും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ഒരിടത്തും സൈന്യം ഒറ്റക്ക് ഡിസാസ്റ്റര്‍ ഓപ്പറേഷന്റെ ചുമതല ഒറ്റയ്ക്ക് നടത്തിയിട്ടില്ല. സിവില്‍ ഭരണ സംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല. എന്‍ഡിഅര്‍എഫ്, കോസ്റ്റ്ഗാര്‍ഡ്, സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്ടിആര്‍,റെവന്യു, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോജിച്ചുള്ള  പ്രവര്‍ത്തനത്തിലൂടെ മാത്രമെ ഇത് സാധിക്കു. ജോയന്റ് ഓപ്പറേഷന്‍സ് റൂം ആണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളില്‍ ആത്മവിശ്വസം ഉണ്ടാക്കുക, അതിജീവിക്കാനുള്ള ഊര്‍ജം നല്‍കുക എന്നിവയാണ് രക്ഷാപ്രവര്‍ത്തകരുടെ ചുമതല. ജനങ്ങളെ പേടിപ്പെടുത്താനുള്ള ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നായാലും അവസാനിപ്പിക്കണം. ദുരന്തത്തെ നേരിടാന്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ അപസ്വരങ്ങള്‍ ഉണ്ടാകാരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top