22 September Tuesday

മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ വീതം; കോവിഡ് പോരാളികൾക്കും കൂടുതൽ ആനുകൂല്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

തിരുവനന്തപുരം > കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ നിന്ന് 50 കോടി രൂപ നോർക്ക റൂട്ട്‌സിന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ നൽകിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.

കോവിഡ് പ്രതിരോധ പ്രവർത്തനം നിർവഹിക്കുന്ന എൻഎച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാൽ എൻഎച്ച്എമ്മിൻറെ കീഴിൽ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. ഇൻസെൻറീവും റിസ്‌ക് അലവൻസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും.

മെഡിക്കൽ ഓഫീസർ, സ്‌പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവർ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000മാക്കി ഉയർത്തും. 20 ശതമാനം റിസ്‌ക് അലവൻസും അനുവദിക്കും.

സീനിയർ കൺസൾട്ടൻറ്, ഡെൻറൽ സർജൻ, ആയുഷ് ഡോക്ടർമാർ തുടങ്ങിയവർ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്‌ക് അലവൻസ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തിൽ സ്റ്റാഫ് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ്, ടെക്‌നീഷ്യൻ തുടങ്ങിയവരാണുള്ളത്. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയർത്തും. 25 ശതമാനം റിസ്‌ക് അലവൻസും അനുവദിക്കും.
ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാർക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്‌ക് അലവൻസ് അനുവദിക്കും.

കോവിഡ് പ്രവർത്തനങ്ങളുടെ നടത്തിപ്പിന് അധിക ജീവനക്കാർ ഉണ്ടെങ്കിൽ, ഇൻസെൻറീവും റിസ്‌ക് അലവൻസും പുതുതായി നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും.

വിവിധ രോഗങ്ങൾക്കുള്ള കോവിഡ് ഹെൽത്ത് പോളിസി പാക്കേജുകൾ കെഎഎസ്പി സ്‌കീമിൻറെ പരിധിയിൽ വരാത്ത ജീവനക്കാർക്കും നൽകും. കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങൾക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു.

ഹയർ സെക്കൻററി സ്‌കൂളുകളിൽ മാർജിനൽ സീറ്റ് വർധന

2020-21 അധ്യയനവർഷം സർക്കാർ, എയ്ഡഡ് ഹയർ സെക്കൻററി സ്‌കൂളുകളിൽ നിബന്ധനകൾക്ക് വിധേയമായി പ്ലസ് വൺ കോഴ്‌സുകളിൽ മാർജിനൽ സീറ്റ് വർധന വരുത്തും. കാസർകോട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 20 ശതമാനവും മറ്റ് ജില്ലകളിൽ 10 ശതമാനവുമാണ് വർധന വരുത്തുക. വർധിപ്പിക്കുന്ന സീറ്റുകളിൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയിൽ നിലവിലുള്ള വ്യവസ്ഥകൾക്കു വിധേയമായി ഏകജാലക പ്രക്രിയ മുഖേനയായിരിക്കും പ്രവേശനം. അൺ എയ്ഡഡ് ഹയർ സെക്കൻററി സ്‌കൂളുകളിലെ ബാച്ചുകൾക്ക് മാർജിനൽ സീറ്റ് വർധനവ് ബാധകമല്ല.

നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) സമർപ്പിച്ച ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റികൾക്ക് കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്ത് 36.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

ക്ഷേമബോർഡ് അംഗങ്ങളല്ലാത്ത വ്യാപാരികൾക്ക് ധനസഹായം

2018 മഹാപ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരി ക്ഷേമബോർഡ് അംഗങ്ങളല്ലാത്ത 10800 വ്യാപാരികൾക്ക് 5000 രൂപ വീതം ധനസഹായം അനുവദിക്കാൻ 5.4 കോടി രൂപ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു. റവന്യൂ അതോറിറ്റി / ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി / സെക്രട്ടറി എന്നിവർ നൽകുന്ന റിപ്പോർട്ടിൻറെ / സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top