31 March Tuesday

സി എം അബ്‌ദുറഹ്‌മാൻ മാധ്യമ അവാർഡ്‌ ദിനേശ്‌ വർമക്കും സുനിൽ ബേബിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ദിനേശ്‌ വർമയും സുനിൽ ബേബിയും

മലപ്പുറം> വെട്ടത്തുള്ള  പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല ആൻറ്‌ ഗ്രന്ഥാലയം  ദേശാഭിമാനി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി എം അബ്ദുറഹ്മാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ്‌ ദിനേശ്‌ വർമക്കും സുനിൽ ബേബിക്കും. പത്ര ദൃശ്യ മാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടിങ്ങിനാണ്‌ അവാർഡ്‌. 10001 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങിയതാണ് അവാർഡ്

ദേശാഭിമാനി ദിനപത്രത്തിന്റെ ചീഫ് സബ് എഡിറ്ററായ ദിനേശ് വർമ ദേശാഭിമാനി വാരാന്ത പതിപ്പിൽ എഴുതിയ മേളാരവിന്ദം എന്ന ഫീച്ചറാണ്‌ അവാർഡിനഹമായത്‌. മേള- വാദ്യകലകളിൽ അതീവ വിദഗ്ദനും എന്നാൽ ശ്രദ്ധിക്കപെടാതെ പോവുകയും ചെയ്ത കലാകാരനായ കേളത്ത് അരവിന്ദാക്ഷനെ കുറിച്ചുള്ളതായിരുന്നു റിപ്പോർട്ട്‌ . മീഡിയാ വൺ സീനിയർ റിപ്പോർട്ടർ സുനിൽ ബേബി മറാത്തവാഡയിലെ കരിമ്പ് പാടങ്ങളിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പീഡനങ്ങളെകുറിച്ചുള്ള പേറ്റ് വിലക്ക്/ പ്രസവിക്കാൻ നിരോധനമുള്ള നാട് എന്ന റിപ്പോർട്ടിനാണ്‌ അവാർഡ്‌. മുതിർന്ന പത്രപ്രവർത്തകൻ  കോയ മുഹമ്മദ് അദ്ധ്യക്ഷനായ ജൂറിയാണ്‌ അവാർഡുകൾ തീരുമാനിച്ചത്‌. 

അവാർഡ് വിതരണം  29 ന് വൈകിട്ട്‌  5 ന്‌  സിഎം അബ്‌ദുറഹ്‌മാന്റെ  ജൻമനാടായ തിരൂർ വെട്ടത്ത് നടക്കും. എൽഡിഎഫ്‌ കൺവീനർ വിജയരാഘവൻ ചടങ്ങ് ഉദ്ഘടനം ചെയ്യും. മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ്  സി എൽ തോമസ് സിഎം നെ അനുസ്മരിക്കുമെന്ന്‌ ചെയർമാൻ അഡ്വ പി ഹംസക്കുട്ടി, സെക്രട്ടറി പി പി  നാസർ എന്നിവർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top