13 May Thursday

തോൽവി എങ്ങനെ ? അഴിമതിയോ അധികാരക്കൊതിയോ ; 
ലീഗിൽ തമ്മിലടി

പി വി ജീജോUpdated: Wednesday May 5, 2021



കോഴിക്കോട്‌  
അധികാരമില്ലാതെ ഒരഞ്ചുവർഷംകൂടിയെന്ന യാഥാർഥ്യമുൾക്കൊള്ളാനാവാതെ നേതാക്കൾക്കെതിരെ പരസ്യപ്രതികരണങ്ങളുമായി മുസ്ലിംലീഗ്‌ അണികൾ. എംപി സ്ഥാനം രാജിവച്ചുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവാണ്‌ തോൽവിക്ക്‌ കാരണമെന്ന്‌ ഒരുവിഭാഗം. നേതാക്കളുടെ  അഴിമതിയാണ്‌ പരാജയത്തിനിടയാക്കിയതെന്ന്‌ മറുചേരി. ഹാഗിയ സോഫിയ പള്ളി സംബന്ധിച്ച്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളെഴുതിയ ലേഖനമാണ്‌ തിരിച്ചടിച്ചതെന്ന വിലയിരുത്തലുമുണ്ട്‌. ചരിത്രത്തിലില്ലാത്ത വോട്ടുചോർച്ചയും സീറ്റ്‌ നഷ്ടവുമുണ്ടായതോടെ നേതൃത്വത്തിലും പ്രവർത്തകരിലും ചേരിതിരിഞ്ഞുള്ള കലഹമാണ്‌.

നിയമസഭ, ലോക്‌സഭ, വീണ്ടും നിയമസഭ–-അഞ്ചുവർഷത്തിനകം മൂന്ന്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ കുഞ്ഞാപ്പയാണ്‌ പാർടിയുടെ ദുരന്തമെന്ന്‌ ആക്ഷേപിക്കുന്നതിൽ എംഎസ്‌എഫ്‌, യൂത്ത്‌ലീഗ്‌ പ്രവർത്തകർവരെയുണ്ട്‌.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക്‌ പേജിലടക്കം ഇവർ പൊട്ടിത്തെറിക്കുന്നു. ആക്ഷേപം നിറഞ്ഞതോടെ കുഞ്ഞാപ്പ രക്ഷകനാണ്‌, മറ്റു പലതുമാണ്‌ തോൽവിക്കിടയാക്കിയതെന്ന ന്യായീകരണവുമായി അനുയായികൾ രംഗത്തെത്തി. കെ എം ഷാജി, വി കെ ഇബ്രാഹിംകുഞ്ഞ്‌, എം സി ഖമറുദ്ദീൻ–--ഇവരെല്ലാം നൽകിയ സംഭാവന ചർച്ചചെയ്‌തിട്ട്‌ കുഞ്ഞാപ്പയെ  പ്രതിയാക്കാമെന്ന്‌ ഇവർ തിരിച്ചടിക്കുന്നു. കുഞ്ഞാപ്പയുടെ വരവാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ ക്ഷീണംതീർത്തതെന്ന വിലയിരുത്തലും ഇവർക്കുണ്ട്‌.

എം കെ മുനീറിന്റെ ചുവടുപിടിച്ചാണ്‌ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളെന്ന്‌ ഇവർ ചൂണ്ടിക്കാട്ടുന്നു. കൊടുവള്ളിയിൽ കഷ്ടിച്ച്‌ രക്ഷപ്പെട്ട മുനീറിന്‌ പഴയ മണ്ഡലമായ കോഴിക്കോട്‌ സൗത്തിലെ തോൽവിയും ക്ഷീണമായി. തോൽവിയോടെ കെ എം ഷാജിയും കുഞ്ഞാപ്പക്കെതിരായ ചേരിയെ പിന്തുണയ്‌ക്കുന്നു. ഇതേ വിഭാഗമാണ്‌ ഹാഗിയ സോഫിയയും സാദിഖലി ശിഹാബ്‌ തങ്ങളുടെ നിലപാടും ചർച്ചയാക്കുന്നത്‌. 

എം  സി ഖമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപ വെട്ടിപ്പ്‌, വി കെ ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം പാലം അഴിമതി, കെ എം ഷാജിയുടെ ഇഞ്ചിക്കൃഷിയടക്കമുള്ള അനധികൃത സമ്പാദ്യം എന്നിവ  പാർടിക്ക്‌ കളങ്കമാണെന്നും നല്ലൊരു വിഭാഗം വിശ്വസിക്കുന്നു. വോട്ടർമാർ എതിരായത്‌ അഴിമതിക്കാരെ സംരക്ഷിച്ച നിലപാടിനാലാണെന്നാണ്‌ ഇതുവഴി ഇവർ തിരിച്ചടിക്കുന്നു. അതേസമയം തമ്മിലടിയിൽ കുഞ്ഞാലിക്കുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top