25 April Thursday

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


മഹാദുരന്തത്തെ അതിജീവിക്കാൻ സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിപ്പിടിച്ച ഒരുമയുടെ സംസ്‌കാരം കൈവിടരുതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയക്കെടുതികളിൽ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ‌് ഏകോപിപ്പിച്ചത‌്. തുടർപ്രവർത്തനങ്ങളിലും ഇത‌ു തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് നാട്ടിലുണ്ടായത്. വെള്ളം ഇറങ്ങിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി ശരിയായ രീതിയിൽ മനസ്സിലാകുന്നത്. ഈ ദുരന്തം നാടിനും ലോകത്തിനും കുറെ പാഠങ്ങൾ നൽകുന്നുണ്ട്. ജനങ്ങളും ഭരണസംവിധാനവും ഒരുമിച്ചുനിന്നാൽ ഏതു പ്രതിസന്ധിയും എളുപ്പം തരണം ചെയ്യാമെന്നതാണ് അതിൽ പ്രധാനം. 14 ലക്ഷത്തിലേറെപ്പേർ ദുരിതാശ്വാസക്യാമ്പുകളിൽ ഉണ്ടാവുകയെന്നത് അമ്പരപ്പുളവാക്കുന്നതാണ്. എങ്കിലും ഭരണസംവിധാനത്തിന് നല്ല ആസൂത്രണത്തോടെ ഇടപെടാൻ കഴിഞ്ഞു. വകുപ്പുകൾ തമ്മിൽ മികച്ച ഏകോപനമുണ്ടായി. വില്ലേജ് അസിസ്റ്റന്റുമുതൽ ചീഫ് സെക്രട്ടറിവരെ എല്ലാതലങ്ങളിലും നല്ല രീതിയിലുള്ള ഏകോപനമുണ്ടായി. കൈമെയ‌് മറന്നുള്ള രക്ഷാ ദുരിതാശ്വാസപ്രവർത്തനമാണ‌് നടന്നത‌്. ഇതിന‌് ചുക്കാൻ പിടിച്ചവരെല്ലാം എല്ലാ രീതിയിലുള്ള പ്രശംസയ്ക്കും അർഹരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിനുമുമ്പുള്ള നാട് വീണ്ടും നിർമിക്കുകയല്ല, കൂടുതൽ ഉയർന്ന തലത്തിലേക്ക് നാടിനെ പുനർനിർമിക്കുകയാണ് വേണ്ടത്. നാടിനെ ലോകനിലവാരത്തിൽ ഉയർത്തിയെടുക്കാൻ അന്താരാഷ്ട്ര ഏജൻസികളുടെയടക്കം സഹായം തേടി മുന്നോട്ടുപോകും. പുനർനിർമാണത്തിൽ പാർട്ണർ കൺസൾട്ടന്റായി കെടിഎംജിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സൗജന്യമായി ലഭിക്കുന്ന സഹായമാണ്. ഇത്തരത്തിൽ സഹായം നൽകാൻ സന്നദ്ധരായ വിവിധ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കും.

കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത‌്. കേന്ദ്രത്തോട‌് പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടിരിക്കുന്നത‌്. ആപത്ഘട്ടത്തിൽ സഹായിക്കുന്നവരോട് സഹായം ആവശ്യമില്ലെന്ന നിലപാട് സ്വീകരിക്കില്ല. തകർന്നുപോയ ഗ്രാമങ്ങളെ ദത്തെടുക്കാൻ തയ്യാറായ ധാരാളം പ്രസ്ഥാനങ്ങളുണ്ട്. ഇവരുടെയെല്ലാം വാഗ്ദാനങ്ങൾ ക്രോഡീകരിച്ചാൽ നമ്മുടെ ഗ്രാമങ്ങളെയും സ്‌കൂളുകളെയും തകർന്നുപോയ മറ്റ‌് സംവിധാനങ്ങളെയും മികവുറ്റ രീതിയിൽ പുനർനിർമിക്കാം.

സമയബന്ധിതമായി ഓരോ കാര്യവും തീർക്കണം. അവലോകനയോഗങ്ങളിൽ ഉദ്യോഗസ്ഥർ പങ്കുവച്ച പല നിർദേശങ്ങളും ദുരന്തം നേരിടാനുള്ള ശക്തമായ ഇടപെടലുകളായിരുന്നു. സെക്രട്ടറിയറ്റിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കപ്പെട്ടവരും നല്ലനിലയിൽ പ്രവർത്തിച്ചു. കേന്ദ്രസേനകൾ വന്നപ്പോഴുള്ള ഏകോപനവും മികച്ച നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുകളുമൊക്കെ ദുരന്തസ്ഥലങ്ങളിൽ സമയത്തെത്തിക്കാനും ഉദ്യോഗസ്ഥർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ കൂട്ടായ്മ തുടരണം‐മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിന്റെ കരുത്താണ് എല്ലാ വിജയങ്ങളുടെയും അടിസ്ഥാനമായതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേരളചരിത്രത്തിൽ ഒരു സർക്കാരിനും നേരിടേണ്ടി വരാത്തതരത്തിലുള്ള ദുരന്തത്തെയാണ് ഈ സർക്കാർ ഫലപ്രദമായി നേരിട്ടത്.
 ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാൻ പ്രത്യേക യോഗം വിളിച്ചുചേർത്ത മുഖ്യമന്ത്രിയുടെ നടപടി ഉദ്യോഗസ്ഥർക്കെല്ലാം പ്രചോദനം നൽകുന്നതാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വിവിധ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ കലക്ടർമാർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top