29 February Saturday

മുഖ്യമന്ത്രി ധൈര്യം പകർന്നു; വിശ്വാസം നിറവേറ്റാൻ കഴിയുന്നത്‌ അദ്ദേഹത്തിന്റെ കഴിവ്‌ ‐ ജിഫ്രി മുത്തുകോയ തങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

മലപ്പുറം > പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ ഏറ്റവുമധികം ധൈര്യം കാണിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു  പ്രസ്ഥാനത്തിനോ രാജ്യത്തിനോ നേതൃത്വം നല്‍കുമ്പോള്‍, നമ്മുടെ പിന്നിലുള്ളവര്‍ നമ്മില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റാന്‍ കഴിയുക എന്നതാണ് ഒരു ഭരണകര്‍ത്താവിന്റെ ഏറ്റവും വലിയ കഴിവ്. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഭരണീയര്‍ക്കുണ്ടായ ഭയം പൂര്‍ണമായി ഇല്ലാതാക്കാന്‍ ആവശ്യമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ശക്തമായി നിലനില്‍ക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഭരണകര്‍ത്താവിന്റെ ഉത്തരവാദിത്തം അദ്ദേഹം പൂര്‍ണമായി നിര്‍വഹിക്കുകയാണ്. ഒരു നേതാവിന്റെ പിന്നില്‍ അണിനിരക്കുന്നവര്‍ക്ക് ധൈര്യം നല്‍കുന്ന പ്രവര്‍ത്തനം ഏത് നേതാവും ചെയ്യണം. ഈ സ്വഭാവം ഒരു നേതാവിന് ഉണ്ടാകണം. അതാണ് നമ്മള്‍ ഇവിടെ പ്രശംസിക്കേണ്ടതെന്നും മുഖ്യമന്ത്രിയെ കുറിച്ച് ജിഫ്രി തങ്ങള്‍ പറഞ്ഞു.

ജനങ്ങളെ രണ്ട് വിഭാഗക്കാരാക്കുന്ന നിയമം കൊണ്ടുവാന്‍ ശ്രമിച്ചാല്‍ മതസൗഹാര്‍ദം ഇല്ലാതെയാകാനെ ഉപകരിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top