13 August Thursday

പൗരത്വഭേദഗതി നിയമം ഹിന്ദു മുസ്ലിം വിഭജനത്തിന്: പ്രകാശ് കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

സ്വന്തം ലേഖകൻ
പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഭരണഘടന വിഭാവനംചെയ്യുന്ന തുല്യാവകാശങ്ങളുടെ ലംഘനമാണിത്‌. മതത്തിന്റ പേരിലുള്ള പൗരത്വ നിർണയം ഹിന്ദു–- -മുസ്ലിം വിഭജനത്തിലേക്ക് നയിക്കും. ഇത്‌ ജനാധിപത്യ മതനിരപേക്ഷ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ്‌. കലിക്കറ്റ് സർവകലാശാലയിൽ ‘ജനാധിപത്യത്തിന്റെ ജനാധിപത്യവൽക്കരണം’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത  ഏപ്രിൽ ഒന്നുമുതൽ ദേശീയ പൗരത്വ രജിസ്റ്ററിനായി കണക്കെടുപ്പ് തുടങ്ങും. അതോടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത ജനങ്ങളുടേതാവും. ഭിന്നാഭിപ്രായമുള്ളവരെ ഇതിന്റെ പേരിൽ മാറ്റിനിർത്താനാവും. ഗ്രാമങ്ങളിലടക്കം ഹിന്ദു –-മുസ്ലിം  വിഭജനം പൂർത്തിയാക്കുകയാണ് ബിജെപി സർക്കാർ ലക്ഷ്യം.

പശ്ചിമബംഗാളിലും അസമിലുമെല്ലാം  ലക്ഷക്കണക്കിനുപേർ പൗരത്വ രജിസ്റ്ററിനുപുറത്താണ്. സർക്കാർ ഓഫീസുകളിൽ പൗരത്വം തെളിയിക്കാനായി ജനങ്ങൾ ക്യൂ നിൽക്കുകയാണ്. ഹിന്ദുത്വ ദേശീയതയുടെ പേരിൽ ഭൂരിപക്ഷ താൽപ്പര്യം   അടിച്ചേൽപ്പിക്കുകയാണ്. ജനാധിപത്യം  ക്ഷയിക്കുന്നു. കശ്മീരിൽ മൗലികാവകാശം പൂർണമായും കവർന്നു.  

ബിജെപി ഭരണത്തിൽ  സർക്കാർനയം രൂപീകരിക്കുന്നത് കോർപറേറ്റുകളാണ്. ഇലക്ടറൽ ബോണ്ടിലൂടെ കോടികളാണ് ബിജെപിക്ക് ബഹുരാഷ്ട്ര കുത്തക കമ്പനികൾ നൽകിയത്. ജനാധിപത്യം നിലനിർത്താൻ ജനങ്ങളെ അണിനിരത്തി ദീർഘകാലപ്രക്ഷോഭം അനിവാര്യമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

സംസ്ഥാന സർക്കാരി​ന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെ​ന്ററി അഫയേഴ്സും സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് വിഭാഗവും സംയുക്തമായാണ് ത്രിദിന സെമിനാർ സംഘടിപ്പിച്ചത്. ടാഗോർ നികേതൻ ഹാളിൽ നടന്ന ചടങ്ങിൽ രജിസ്ട്രാർ ഡോ. സി എൽ ജോഷി അധ്യക്ഷനായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top