29 February Saturday

നിയമം പിന്‍വലിക്കുംവരെ പിന്‍മാറില്ല; മലപ്പുറത്തിന്റെ ദൃഢപ്രതിജ്ഞ

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

ഫോട്ടോ: കെ ഷമീര്‍

മലപ്പുറം> ഭരണഘടനാ പ്രതിബദ്ധതയുടെ സുരക്ഷിത കോട്ടയില്‍ ഭയപ്പെടില്ലെന്നും നാടുവിടില്ലെന്നും പ്രഖ്യാപിച്ച് മലപ്പുറത്തിന്റെ മക്കള്‍. വൈദേശികാധിപത്യത്തില്‍നിന്ന് രാജ്യത്തിന്റെ മോചനത്തിനായി ഏറനാട്ടിലും കയ്യൂരിലും കാണ്‍പൂരിലും മീററ്റിലും ലാഹോറിലും വെള്ളക്കാരനെ  വെല്ലുവിളിച്ച് കഴുമരവും കല്‍ത്തുറുങ്കും ഏറ്റുവാങ്ങിയ പോരാളികളുടെ പിന്‍മുറക്കാര്‍ കൈകോര്‍ത്തപ്പോള്‍ വിഭജനത്തിന്റെ ശക്തികള്‍ക്കത് താക്കീതായി. 

ബഹുസ്വരതയുടെ ഇന്ത്യ എന്ന ആശയം സ്വാംശീകരിച്ച്‌ ഭരണഘടനയുടെ കാവലാകാന്‍ മഹാ റാലിയായി മലപ്പുറം ഒഴുകിയെത്തി. സാമ്രാജ്യത്വത്തിന്റെ പേടിസ്വപ്നങ്ങളായ വാരിയന്‍ കുന്നത്തിന്റെയും ഭഗത് സിങ്ങിന്റെയും ഇളമുറക്കാര്‍ രാജ്യത്തിനായി ഐക്യത്തിന്റെ പുതുസന്ദേശം പകര്‍ന്നു.


വെള്ളക്കാരന്റെ നിറതോക്കിന് കീഴടങ്ങാത്ത പോരാട്ടവീര്യം  ബ്രിട്ടീഷ് പാദസേവകരുടെ ഭീഷണിക്ക് കീഴടങ്ങില്ലന്ന്  വിളിച്ചുപറയുകയായിരുന്നു മഹാറാലി.  രാജ്യത്തിന് പുതുപ്രതീക്ഷയുടെ സമര കാഹളം. ഭരണഘടനയുടെ മതനിരപേക്ഷ ഉള്ളടക്കം ചോര്‍ത്തുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുംവരെ പിന്‍മാറില്ലെന്ന് രാജ്യത്തിനായി പടനയിച്ച മണ്ണിന്റെ ദൃഢപ്രതിജ്ഞ.
   
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്ത യോഗത്തില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനായി. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ ഖലീല്‍ ബുഖാരി തങ്ങള്‍, ഡോ. ഹുസൈന്‍ മടവൂര്‍,  പി എന്‍ അബ്ദുള്‍ ലത്തീഫ്, നജീബ് മൗലവി, പന്ന്യന്‍ രവീന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍,  മന്ത്രി കെ ടി ജലീല്‍,  പ്രൊഫ. എ പി അബ്ദുള്‍ വഹാബ്, ഡോ. കെ ജി പൗലോസ്  എന്നിവര്‍ സംസാരിച്ചു. 

ഇ എന്‍ മോഹന്‍ദാസ് ഭരണഘടനയുടെ ആമുഖം വായിച്ചപ്പോള്‍ സദസ്സും ജനക്കൂട്ടവും അതേറ്റുചൊല്ലി.  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം  പാലോളി മുഹമ്മദ്കുട്ടി അടക്കം നേതാക്കള്‍ സന്നിഹിതരായി. ഭരണഘടനാ സംരക്ഷ സമിതി കണ്‍വീനര്‍ അഡ്വ. ടി കെ ഹംസ സ്വാഗതം പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top