18 August Sunday

സംസ‌്കാരം ജനിതക പരിശോധനയ‌്ക്ക‌ുശേഷം

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

കളമശ്ശേരി> ക്രൂരമർദനമേറ്റ‌് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം ജനിതക പരിശോധനയ‌്ക്കു ശേഷമേ സംസ‌്കരിക്കൂ. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്നാണ‌് വെള്ളിയാഴ‌്ച വൈകിട്ട‌് നടത്താനിരുന്ന സംസ‌്കാരം ജനിതക പരിശോധനയ‌്ക്കുശേഷം പിന്നീട‌് നടത്താൻ തീരുമാനിച്ചത‌്.

കുട്ടിയെ ക്രൂരമായി മർദിച്ച ജാർഖണ്ഡ‌് സ്വദേശിനിയും പശ‌്ചിമബംഗാളുകാരനായ ഭർത്താവ‌് ഷെഹജാദ്‌ ഖാനും കുട്ടിയുടെ യഥാർഥ മാതാപിതാക്കളാണെന്ന‌് ഉറപ്പാക്കാനാണ‌് ജനിതക പരിശോധന. കുട്ടിക്കേറ്റ മർദനത്തിന്റെ സ്വഭാവം പരിഗണിച്ചാണ‌് ജാർഖണ്ഡ‌് സ്വദേശിനി കുട്ടിയുടെ അമ്മ തന്നെയാണോ എന്ന‌് പൊലീസ‌് സംശയിക്കുന്നത‌്. 

മൃതദേഹം അസി. സർജൻ ഡോ. ടി എം മനോജിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിന‌ുശേഷം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തലേദിവസം രാത്രിഡ്യൂട്ടി കഴിഞ്ഞുവന്ന് ഉറങ്ങുകയായിരുന്ന ഷെഹജാദിനെ വിളിച്ചുണർത്തിയാണ‌് കുട്ടി വീണ് പരിക്കേറ്റ കാര്യം ഭാര്യ അറിയിച്ചത‌്. ഉടനെ ഇയാൾ ജോലി ചെയ്യുന്ന മെട്രോ യാർഡിലെത്തി സഹപ്രവർത്തകന്റെ വണ്ടിയിൽ കുഞ്ഞിനെ ബുധനാഴ്ച പകൽ 1.25നാണ‌് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത‌്.

കുട്ടിയുടെ മാതാപിതാക്കളെന്ന‌് പറയുന്നവർ അഞ്ചുവർഷംമുമ്പ‌് പ്രണയിച്ച‌് വിവാഹിതരായതാണ‌്. തുടർന്ന് ഇരുവരും ജാർഖണ്ഡിൽ താമസമായി. ഒരുവർഷംമുമ്പാണ് ഷെഹജാദ്‌ ഖാൻ പുള്ളർ ഡ്രൈവറായി കളമശേരി റോക്കി ക്രെയിൻസ് എന്ന സ്ഥാപനത്തിലെത്തിയത്.  ഇരുവർക്കും ഒന്നിലേറെ തിരിച്ചറിയൽ കാർഡുകളുണ്ടെന്നും അവയിലെ മേൽവിലാസം ശരിയല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കുട്ടിക്ക് ജനനസർട്ടിഫിക്കറ്റ് ഇല്ലെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം കാണിക്കാൻ ഷെഹജാദ്‌ ഖാനെ പൊലീസുകാർ ആശുപത്രിയിലെത്തിച്ചിരുന്നു. സംസ‌്കാരത്തിന‌ുമുമ്പ‌് തനിക്ക് ഭാര്യയുമായി സംസാരിക്കണമെന്ന് ഷെഹജാദ്‌ ഖാൻ പൊലീസിനോട് പറഞ്ഞതായി അറിയുന്നു. വെള്ളിയാഴ്ച ആറിന‌് കളമശേരി പാലക്കാമുകൾ ജുമാ മസ്ജിദിൽ സംസ‌്കരിക്കാനാണ‌് ആദ്യം തീരുമാനിച്ചിരുന്നത‌്.


പ്രധാന വാർത്തകൾ
 Top