23 July Tuesday

മക്കളാണ‌്, മറക്കരുത‌്! ഒരു വർഷം; സ്വന്തം വീട്ടിൽ ലൈംഗിക അതിക്രമത്തിന‌് ഇരയായത‌് 606 കുട്ടികൾ

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Friday Jun 21, 2019

തിരുവനന്തപുരം> സംസ്ഥാനത്ത‌്‌ ഒരുവർഷത്തിനകം സ്വന്തം വീട്ടിൽ ലൈംഗികാതിക്രമത്തിന‌് ഇരയായത‌് 606 കുട്ടികൾ. പ്രതിസ്ഥാനത്ത‌് അച്ഛൻ മുതൽ അടുത്ത ബന്ധുക്കൾവരെ. മക്കളെപോലും വെറുതെ വിടാത്ത ക്രൂരതയുടെ നേർകാഴ‌്ചയാണ‌് ചൈൽഡ‌്‌ലൈൻ റിപ്പോർട്ട‌്. ഒരുവട്ടം മാത്രമല്ല, പത്ത‌് തവണ വരെ കുട്ടി അതിക്രമത്തിന‌് ഇരയായ കേസുകളും റിപ്പോർട്ടിലുണ്ട‌്.

2018 ഏപ്രിൽ മുതൽ 2019 മാർച്ച‌് വരെയുള്ള കണക്കാണ‌് റിപ്പോർട്ടിലുള്ളത‌്. 60 ലൈംഗികാതിക്രമ കേസുകളിൽ അച്ഛനാണ‌് വില്ലൻ. രണ്ടാനച്ഛൻ–-69, അമ്മാവൻ–-120, ബന്ധു–-92, മുത്തച്ഛൻ–-35, സഹോദരൻ പ്രതികളായി 22 കേസുകളും റിപ്പോർട്ട‌് ചെയ‌്തു. ഇതിൽ 141 എണ്ണവും ഗുരുതര ലൈംഗിക ആക്രമണങ്ങളാണ‌്. അയൽക്കാർ–-366, കാമുകൻ–-149, അധ്യാപകർ–-112, സുഹൃത്തുക്കൾ പ്രതിസ്ഥാനത്തുള്ള 57 കേസുകളുമുണ്ട‌്.  

ഇക്കാലയളവിൽ ആകെ 1328 കുട്ടികൾ ലൈംഗികാതിക്രമത്തിന‌് ഇരയായി. ഇതിൽ പെൺകുട്ടികൾ–-979, ആൺകുട്ടികൾ 349. ഇതിൽ 424 കുട്ടികൾ രണ്ട‌് മുതൽ അഞ്ച‌് തവണ വരെയും 123 പേർ ആറ‌് മുതൽ പത്ത‌് തവണ വരെയും പീഡിപ്പിക്കപ്പെട്ടു.

വിദ്യാലയത്തിൽ–-70, സ‌്കൂളിലേക്ക‌് പോകുംവഴി–-29, പ്രതിയുടെ വീട്ടിൽ–-159 കുട്ടികളും അതിക്രമത്തിന‌് ഇരയായി. സ‌്പർശനം വഴിയുള്ള അതിക്രമം–- 182, നോട്ടത്തിലൂടെയും വാക്കുകളിലൂടെയും 77. 26 പോണോഗ്രാഫി കേസുകളും ചൈൽഡ‌്‌ലൈന‌് മുന്നിൽ എത്തി.

തിരുവനന്തപുരമാണ‌് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട‌് ചെയ‌്ത ജില്ല, 191. മലപ്പുറം–-160, കോഴിക്കോട‌്–-120, എറണാകുളം–-106, തൃശൂർ–-101 കേസുകളും റിപ്പോർട്ട‌് ചെയ‌്തു. 13നും 15 വയസ്സിനും ഇടയിലാണ‌് കൂടുതൽ കുട്ടികൾ അതിക്രമത്തിന‌് ഇരയായത‌്. 416 പെൺകുട്ടികളും 164 ആൺകുട്ടികളും ഈ പ്രായത്തിൽ അതിക്രമത്തിന‌് ഇരയായി. അഞ്ച‌് വയസ്സിൽ താഴെ 61 പെൺകുട്ടികളും 17 ആൺകുട്ടികളും പത്ത‌് വയസ്സിന‌് താഴെ 351 പെൺകുട്ടികളും 141 ആൺകുട്ടികളും അതിക്രമത്തിന‌് ഇരയായി.

ചൈൽഡ‌്‌ലൈൻ നമ്പറായ 1098ൽ വിളിച്ചതിലൂടെയാണ‌് കൂടുതൽ കേസുകളും അറിഞ്ഞത‌്. 958 കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട‌് ചെയ‌്തു. 248 കേസുകൾ മാതാപിതാക്കൾ വിളിച്ചറിയിച്ചപ്പോൾ 213 സംഭവങ്ങൾ അറിയിച്ചത‌് അധ്യാപകരാണ‌്. അതിക്രമത്തിന‌് ഇരയായ 74 കുട്ടികളും അറിയിച്ചു. പൊലീസ‌് ഉദ്യോഗസ്ഥർ–-61, ബന്ധുക്കൾ–-155, അയൽവാസികൾ–-92, പൊതുപ്രവർത്തകർ–-281 കേസുകളും അറിയിച്ചു. 89 കുട്ടികൾ  ചൈൽഡ‌് ലൈൻ ഓഫീസിൽ നേരിട്ട‌് എത്തി സംഭവം വെളിപ്പെടുത്തി. 227 സംഭവങ്ങൾ ചൈൽഡ‌് ‌ലൈൻ നേരിട്ടാണ‌് കണ്ടെത്തിയത‌്.


പ്രധാന വാർത്തകൾ
 Top