13 August Thursday

"കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഒസാക്ക യൂണിവേഴ്‌സിറ്റിയില്‍ സാൻഡ്‌വിച്ച്‌ കോഴ്‌സുകള്‍ക്ക്‌ അവസരമൊരുക്കും; മത്സ്യതൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലന പരിപാടി'

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

തിരുവനന്തപുരം >  കേരളത്തില്‍ നിന്നുമുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഒസാക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാന്‍ഡ്വിച് കോഴ്‌സുകള്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള താത്പര്യം അവര്‍ അറിയിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജപ്പാൻ,കൊറിയ സന്ദർശനത്തിന്റെ നേട്ടങ്ങളെക്കുറിച്ച്‌ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

 ഷിമാനെ യൂണിവേഴ്‌സിറ്റി കുസാറ്റുമായി ചേര്‍ന്ന്‌ 4+2 വര്‍ഷത്തിന്റെ രണ്ടു യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സ് ആരംഭിക്കുവാനും തീരുമാനമായി. കേരളത്തില്‍ ആറു മാസം, ജപ്പാനില്‍ ആറു മാസം, എന്ന തരത്തില്‍ വരുന്ന ഒരു വര്‍ഷത്തെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാം കുസാറ്റുമായി ചേര്‍ന്ന്‌ ആരംഭിക്കുവാനുള്ള നടപടികളിലേക്ക് കടക്കുവാനും ധാരണയായി. കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളുമായും സമാന കോഴ്സുകള്‍ തുടങ്ങുന്നതിനെക്കുറിച്ച്‌ ഷിമാനെ യൂണിവേഴ്‌സിറ്റി ചര്‍ച്ച ചെയ്യും.

ഷിമാനെ യൂണിവേഴ്‌സിറ്റിയില്‍ യുനെസ്‌കോയുടെ ഭൂ-പരിസ്ഥിതി ദുരന്ത ലഘൂകരണ ചെയര്‍ പ്രൊഫ. ഫാവു വാങിന്റെ സഹായത്തോടെ കേരളത്തിലും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ശേഷി വികസനം നടത്തും. കേരളത്തിന്റെ 2 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ജാപ്പനീസ് ഭാഷാ കോഴ്‌സ് തുടങ്ങുവാന്‍  അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്നിക്കല്‍ സ്‌കോളര്‍ഷിപ്പ്  താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ ഫിഷറീസ് യൂണിവേഴ്സിറ്റിയും ഫുഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി സ്ഥാപിക്കുവാന്‍ പോകുന്ന വേള്‍ഡ് ഫിഷറീസ് യുണിവേഴ്‌സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുക്യോങ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച്‌ കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു ട്രെയിനിങ് പ്രോഗ്രാം തയ്യാറാക്കും.

 ആയുര്‍വേദ രംഗത്തും സഹകരിക്കുന്നതിനുള്ള താത്പര്യം പുക്യോങ് യൂണിവേഴ്‌സിറ്റി പ്രകടിപ്പിച്ചിട്ടുണ്ട്. ബുസാന്‍ പോര്‍ട്ട്‌ അതോറിറ്റി നമ്മുടെ പോര്‍ട്ട്‌ ഓഫിസര്‍മാരെ പരിശീലിപ്പിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ തുറമുഖങ്ങളും ഹാര്‍ബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണ പത്രം ഒപ്പുവെക്കുവാനും തീരുമാനിച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top