13 August Thursday

ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയിലേക്ക്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

തിരുവനന്തപുരം >  ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ പരിഗണനയും സ്വീകാര്യതയും ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം. അതിനുള്ള അംഗീകാരമെന്ന നിലയിലാണ് ദേശീയ ഭിന്നശേഷി പുരസ്‌കാരം നമ്മുടെ സംസ്ഥാനം നേടിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്തമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരവുമാണ് ഈ പുരസ്‌കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി 2019ലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് നിശ "സമര്‍പ്പണം 2019' ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിഗണിക്കപ്പെടാതെ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിക്കേ് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ പ്രവേശനം മുതല്‍ ജോലി നേടല്‍ വരെയുള്ള ഘട്ടങ്ങളില്‍ ഈ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ അവര്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനോ തൊഴിലെടുക്കുന്നതിനോ തടസങ്ങളൊന്നുമില്ല. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഏതെങ്കിലും വിഭാഗം അനുഭവിക്കുന്നുണ്ടെങ്കില്‍ അവരെ അകറ്റിനിര്‍ത്തുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന് സമൂഹമാകെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ ഗുണപരമായ മാറ്റങ്ങള്‍ ഭിന്നശേഷി വിഭാഗത്തിനാകെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

കുഞ്ഞുന്നാളില്‍ നടത്തുന്ന മെഡിക്കല്‍ പരിശോധന വഴി കുട്ടികളുടെ ശാരീരിക പരിമിതികള്‍ കണ്ടെത്തി വിദഗ്ധ ഇടപെടലിലൂടെ അവരെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ എണ്ണം വര്‍ഷം കഴിയും തോറും വര്‍ധിച്ചുവരുന്നത് അതിന് തെളിവാണ്.

സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സുരക്ഷാമിഷന്‍ വഴിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ഇരുപത്തിയഞ്ചോളം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. അതിലേറ്റവും പ്രധാനമാണ് "അനുയാത്ര'യെന്ന പദ്ധതി. കുട്ടികള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ മാത്രമല്ല, 21 വിഭാഗത്തിലുള്ള ഭിന്നശേഷിക്കാര്‍ക്ക് സന്തുഷ്ട ജീവിതം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ശുഭയാത്ര' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്.  സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം മൂന്ന് ശതമാനത്തില്‍ നിന്നും നാലു ശതമാനമാക്കിയിരിക്കുകയാണ്.

 നിരവധി കാരണങ്ങളാല്‍ വേണ്ടത്ര സാമൂഹിക പരിഗണന ലഭിച്ചിട്ടില്ലാത്ത ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഇത് കേവലം സര്‍ക്കാരിന്റെ ചുമതലയായി മാത്രം കാണാന്‍ പാടില്ല. അതിന് സമൂഹത്തിന്റെയാകെ കൂട്ടായ പരിശ്രമമുണ്ടാകണം. അപ്പോള്‍ കുറവുകളുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ദേശീയ ഭിന്നശേഷി അവാര്‍ഡ് സംസ്ഥാനത്തിന് സമര്‍പ്പിക്കല്‍, സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണം, മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എല്‍എല്‍സിയ്ക്കുള്ള ആദരം എന്നിവയും മുഖ്യമന്ത്രി നിര്‍വഹിച്ചു. ശുഭയാത്ര ട്രൈ സ്‌കൂട്ടര്‍ വിതരണം മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top