11 December Wednesday

കിഫ്‌ബിയിൽ സിഎജി ഓഡിറ്റിങ് ഇല്ലെന്ന വാദം തെറ്റ്‌: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2019

തിരുവനന്തപുരം >  കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ നിയമത്തിലെ 14–ാം വകുപ്പുപ്രകാരമുള്ള ഓഡിറ്റിങ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതിനാൽ ഇതേ നിയമത്തിലെ 20–ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിൽ സിഎജി ഓഡിറ്റിങ്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 കിഫ്ബി നിയമം 1999 ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് എല്ലാ വർഷവും ജൂലൈ അവസാനത്തിനുമുമ്പ് സർക്കാരിന് സമർപ്പിക്കണം. ഈ റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്കും നിയമസഭയിൽ സമർപ്പിക്കണം.

 കിഫ്ബി നിയമത്തിലെ വകുപ്പ് 3 പ്രകാരം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്കീം രൂപീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സ്കീമിന്റെ ചട്ടം 16(6) പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത റിപ്പോർട്ട്  ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും സിഎജിക്കും അഭിപ്രായത്തിന് അയക്കേണ്ടതാണ്.
2016ൽ കിഫ്ബി നിയമം ഭേദഗതി ചെയ്തപ്പോൾ 16–-ാം വകുപ്പിന്  ഭേദഗതി വരുത്തിയിട്ടില്ല. മാത്രമല്ല, 3(8) എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതനുസരിച്ച് ഫണ്ടിന്റെ സ്രോതസ്സും വിനിയോഗവും സംബന്ധിച്ച് നിയമസഭയ്‌ക്ക് റിപ്പോർട്ട് സമർപ്പിക്കണം.

 ഈ റിപ്പോർട്ട് ഫണ്ട് ട്രസ്റ്റി ആൻഡ്‌ അഡ്‌വൈസറി കമീഷൻ സാക്ഷ്യപ്പെടുത്തുകയും വേണം. ഫണ്ട് വിനിയോഗത്തിൽ കൂടുതൽ സുതാര്യതയും നിയമസഭയുടെ മെച്ചപ്പെട്ട പരിശോധനയും ഉറപ്പാക്കാനാണ് സർക്കാർ ഇതു ചെയ്തത്.

കിഫ്ബിയുടെ വരവുചെലവുകൾ സിഎജി ആക്ട് സെക്‌ഷൻ 14 പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാം. സർക്കാരിന്റെ  ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങൾക്കും സിഎജി ഓഡിറ്റ് ബാധകമാണ്. അതുകൊണ്ട് സിഎജി ആക്ട് സെക്‌ഷൻ 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യമില്ല.

 സെക്‌ഷൻ 14 ന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങളിൽ സെക്‌ഷൻ 20 പ്രകാരം ഒരു സ്ഥാപനത്തിൽ ഓഡിറ്റ് നടത്തണമെന്ന് സിഎജിയോട് സംസ്ഥാന സർക്കാരിന് അഭ്യർഥിക്കാം. മറിച്ച് സർക്കാർ ഗ്രാന്റോ വായ്പയോ കിട്ടുന്ന സ്ഥാപനം ഓഡിറ്റ് ചെയ്യണമെന്ന് സിഎജിക്ക് സർക്കാരിനോടും അഭ്യർഥിക്കാം. ഇതനുസരിച്ച് സർക്കാരിന് ഓഡിറ്റിങ് അനുവദിക്കാവുന്നതാണ്.

 എന്നാൽ, കിഫ്ബിയുടെ സെക്‌ഷൻ 14 പ്രകാരമുള്ള ഓഡിറ്റിങ്‌ നടക്കുന്നതിനാൽ ഇതിന് പ്രസക്തിയില്ല. വസ്തുതകൾക്ക് വിരുദ്ധമായ പ്രചാരണം കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നടത്തുന്ന വികസനപദ്ധതികൾക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top