18 November Monday

കൂടത്തായി കൂട്ടക്കൊല: കേരള പൊലീസിന്റെ അന്വേഷണ മികവിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019

തിരുവനന്തപുരം >  കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ പ്രയത്നിച്ച കേരള പൊലീസിന്റെ അന്വേഷണ മികവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ  കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ കേരള പൊലീസിനായി. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്‍റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണ്. ആറ് മരണങ്ങളുടെയും രീതി, അവ നടക്കുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ സ്ത്രീയുടെ സാന്നിധ്യം എന്നിവയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് നഷ്ടപ്പെട്ട അമ്പതിലേറെ കണ്ണികള്‍ കൂട്ടിയിണക്കി നടത്തിയ നീക്കങ്ങളിലൂടെയാണ്  കേസ്‌ തെളിയിച്ചത്. കേസന്വേഷണത്തില്‍ മുൻപന്തിയിൽ തന്നെയാണ് കേരള പൊലീസെന്ന്‌ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചത് ഏറെ ചിന്തിക്കാനും വക നല്‍കുന്നുണ്ട്‐ മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top