17 January Sunday

ചെമ്പൂച്ചിറ സ്കൂള്‍: അന്വേഷണം നേരത്തെ തുടങ്ങി; സംഘപരിവാറിന്റേത് വ്യാജപ്രചരണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

തിരുവനന്തപുരം> കിഫ്‌ബി സഹായത്തോടെ നിർമാണം പുരോഗമിക്കുന്ന ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെതിരായ   വ്യാജ പ്രചാരണം നിര്‍മ്മാണത്തെപ്പറ്റി അന്വേഷണം നടക്കുന്നതിനിടയില്‍. പണിപൂർത്തിയാവുകയോ, നിർമാണക്കമ്പനിക്ക്‌ പണം കൊടുത്തു തീർക്കുകയോ ചെയ്യാത്ത പ്രവൃത്തിയെ ചൊല്ലിയാണ്‌ അഴിമതിയാരോപണം.

സ്‌കൂൾ കെട്ടിട നിർമാണം തുടങ്ങിയ അവസരത്തിൽത്തന്നെ തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘ പരിവാർ സംഘടനകൾ തന്നെയാണ്‌ ഇപ്പോഴത്തെ വ്യാജ പ്രചാരണങ്ങൾക്കു പിന്നിലും. കിഫ്ബിയിൽ നിന്ന്‌ മൂന്നു കോടിയും എംഎൽഎ ഫണ്ടിൽ നിന്ന്‌ 81 ലക്ഷം രൂപയും ചെലവഴിച്ചാണ്‌ സ്‌കൂളിന്‌ പുതിയ കെട്ടിടം  നിർമിക്കുന്നത്‌.പണി പൂർത്തിയായിട്ടില്ല. കെട്ടിടം സർക്കാരിലേക്ക് സമർപ്പിച്ചിട്ടുമില്ല.  ഇതുവരെ ചെയ്ത പ്രവർത്തികൾക്കായി 1.8 കോടി രൂപയുടെ ബില്ലുകൾ  മാത്രമാണ് എൻജിനിയർമാർ ശുപാർശ ചെയ്തിട്ടുള്ളത്.  രണ്ടു കോടി രൂപയുടെ ബില്ലുകൾ ഇനി നൽകാനുണ്ട്‌. പണിപൂർത്തിയാക്കി വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ഗുണനിലവാര–- സുരക്ഷാപരിശോധനയ്‌ക്കു ശേഷമേ പദ്ധതി അംഗീകരിക്കുകയുള്ളൂ. അതുകഴിഞ്ഞേ കരാറുകാരന് പണം പൂർണമായി ലഭിക്കുകയുള്ളൂ.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റ് എസ്.പി.വി ആയി കിഫ്ബി ധനസഹായത്തോടെ  കേന്ദ്രസർക്കാർ സ്ഥാപനമായ വാപ് കോസി-ന്റെ മേൽനോട്ടത്തിലാണ് സ്കൂൾ നിർമ്മാണം.

ചില പരാതികള്‍ ഉയര്‍ന്നപ്പോള്‍ തന്നെ  അടിയന്തിര അന്വേഷണം നടത്താൻ കൈറ്റ് WAPCOS-നോട്  ആവശ്യപ്പെത്തിരുന്നു. അതനുസരിച്ച് പ്രാഥമിക റിപ്പോർട്ട് കൈറ്റിന് ലഭിച്ചു. ഈ റിപ്പോർട്ടിൽ സിമന്റ് പ്ലാസ്റ്ററിങ്ങ് പ്രവൃത്തികളിൽ ചില വീഴ്ചകൾ കരാറു ഭാഗത്തു നിന്നും സംഭവിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ബന്ധപ്പെട്ട എല്ലാവരും സ്ഥലം സന്ദർശിച്ച് നേരിട്ട് പരിശോധന നടത്തി വിശദ റിപ്പോർട്ട് നൽകാൻ വാപ്കോസിനോട് ആവശ്യപ്പെട്ടു. ഇതെത്തുടർന്ന്  വിശദ റിപ്പോർട്ടിനായി റിട്ടയേഡ്  ചീഫ് എന്‍ജിനിയര്‍ അധ്യക്ഷനായ സമിതി ശനിയാഴ്ച സ്ഥലം സന്ദർശിക്കുകയാണ്.

ഇക്കാര്യത്തിൽ  വിശദപരിശോധന കഴിയുംവരെ  കരാറുകാരനുള്ള പണം ഒന്നും നൽകേണ്ടതില്ലെന്നും വാപ്കോസിനോട് കൈറ്റ് നിർദ്ദേശിച്ചിട്ടുണ്ട്

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും അപാകം ചൂണ്ടികാട്ടിയാൽ പരിശോധിക്കുമെന്ന്‌ ബന്ധപ്പെട്ടവർ നേരത്തെ തന്നെ പറഞ്ഞതാണ്‌. എന്ത്‌ പരാതിയുണ്ടെങ്കിലും പരിശോധിച്ച്‌ ആവശ്യമായ നടപടിയെടുക്കുമെന്ന്‌ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും വ്യക്തമാക്കിയിരുന്നു..

ഈ വസ്‌തുതകളെല്ലാം മറച്ചുവച്ചാണ്‌  പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്‌. സർക്കാർ സ്‌കൂളിനോടുള്ള  സംഘപരിവാർ നിലപാട്‌ നാട്ടുകാർക്ക്‌ നേരത്തേത്തന്നെ ബോധ്യമായതാണ്‌.  ചെമ്പൂച്ചിറ സ്‌കൂളിന്‌ പുതിയ കെട്ടിടം വേണ്ടെന്ന്‌ പറഞ്ഞ്‌ ഇവർ ആദ്യം തടസ്സവാദമുന്നയിച്ചിരുന്നു.  കോടതിയിൽ ഹർജി നൽകി പണി താമസിപ്പിച്ചു. ഇപ്പോൾ അടിസ്ഥാനമില്ലാത്ത അഴിമതിയാരോപണവും.

നൂറുകണക്കിന്‌ പുതിയ വിദ്യാർഥികളെത്തിയ ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിനെ തകർക്കലാണ്‌ ചിലരുടെ ലക്ഷ്യമെന്ന്‌ അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത്‌ അഞ്ചു ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുമേഖലയിലേക്ക്‌ ഒഴുകിയതിന്റെ വിറളിയും ഇവർക്കുണ്ട്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top