കൊയിലാണ്ടി: മലയാള നാടക-സിനിമാ നടന് ചേമഞ്ചേരി നാരായണന് നായര്‍ (79) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ചേമഞ്ചേരിയിലെ വീട്ടിലാണ് അന്ത്യം. ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. അരങ്ങിലും വെള്ളിത്തിരയിലും മിനിസ്ക്രീനിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്നു. നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1946ല്‍ 11-ാം വയസ്സില്‍ "സത്യവാന് സാവിത്രി' നൃത്ത സംഗീത നാടകത്തിലൂടെ അരങ്ങിലെത്തി.
1979ല്‍ "കടലമ്മ' എന്ന ചിത്രത്തിലൂടെ സിനിമയില്‍. "നടന്' എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. തൂവല്‍ക്കൊട്ടാരം, മിഴിരണ്ടിലും, അമ്മക്കിളിക്കൂട് തുടങ്ങി പതിനഞ്ചോളം സിനിമയില്‍ പ്രധാന വേഷമിട്ടു. ഒട്ടേറെ സീരിയലുകളിലും മുഖ്യകഥാപാത്രമായിരുന്നു. ആകാശവാണിയില്‍ എ ഗ്രേഡ് ആര്ടിസ്റ്റായിരുന്നു. 1997ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ്, 1998ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സി ജി പരമേശ്വരന്‍പിള്ള സ്മാരക അവാര്‍ഡ്, 2004ല്‍ ഗുരുപൂജ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചു.
അച്ഛന്: മുചുകുന്നിലെ പരേതനായ മൊകേരി രാവുണ്ണി നായര്‍. അമ്മ: പരേതയായ ലക്ഷ്മി അമ്മ (ചെറിയക്കുട്ടി അമ്മ). ഭാര്യ: കുന്നത്ത് ദേവിഅമ്മ. മക്കള്‍: ലത, വി ടി ജയദേവന് (അധ്യാപകന്, പുതിയങ്ങാടി എല്‍പി സ്കൂള്‍), സജീവന്, പരേതനായ ജയപ്രകാശ്. മരുമക്കള്‍: രാമന്, രമണി, മഡോണ (ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി, കോഴിക്കോട്), നിര്‍മിത.