21 July Sunday

ചെല്ലാനം: ജില്ലാ ഭരണകൂടം ഒപ്പമുണ്ടാകും; അടുത്ത കാലവര്‍ഷത്തിനുമുമ്പ് സ്ഥിരം സുരക്ഷ സംവിധാനമൊരുക്കും: കളക്ടര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

കൊച്ചി > ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകം എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് എത്തിയത് കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന ചെല്ലാനം തീരദേശവാസികളുടെയടുത്തേക്ക്. തീരദേശവാസികള്‍ തങ്ങളുടെ ദുരിതം കളക്ടറോട് പറഞ്ഞു.

തീരദേശവാസികളുടെ സംരക്ഷണത്തിന് ജില്ലാ ഭരണകൂടം ഒപ്പമുണ്ടാകുമെന്ന വാക്കുകള്‍ അവര്‍ കൈയ്യടികളോടെ സ്വീകരിച്ചു. ചെല്ലാനം തീരദേശ മേഖലയിലെ കമ്പനിപ്പടി, വേളാങ്കണ്ണി പ്രദേശങ്ങളില്‍ കടല്‍ കയറിയ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

അടുത്ത കാലവര്‍ഷത്തിനു മുന്‍പായി കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷണം നല്‍കുന്ന സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കി. ഇതിന് പൊതുജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ സഹകരണം ആവശ്യമാണ്.



 എന്നാല്‍ കടലാക്രമണം രൂക്ഷമായ ഈ സാഹചര്യത്തില്‍ അടിയന്തിരമായി താത്കാലിക പരിഹാരമൊരുക്കാനാണ് ശ്രമിക്കുന്നത്. താത്കാലിക സംവിധാനമെന്ന നിലയില്‍ ജിയോ ബാഗ് സ്ഥാപിക്കുന്നത് തുടരുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കുമെന്നും കളക്ടര്‍ അറിയിച്ചു.

അടുത്ത കാലവര്‍ഷത്തിന് മുന്‍പായി സ്ഥിരം പ്രതിരോധ സംവിധാനമൊരുക്കുന്നതിനുള്ള പദ്ധതികള്‍ സംബന്ധിച്ച ആസൂത്രണം അന്തിമഘട്ടത്തിലാണ്. എട്ട് കോടിയുടെ പ്രവൃത്തികള്‍ ദീര്‍ഘകാല ടെന്‍ഡറില്‍ ആരംഭിക്കും. കൃത്യമായി അവലോകനം നടത്തി സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കും.

കടല്‍ഭിത്തിയായാലും പുലിമുട്ടായാലും പദ്ധതി നടത്തിപ്പ് ചുമതല ജലസേചന വകുപ്പിനാണ്. വകുപ്പിന് എല്ലാ സഹകരണവും ജില്ലാ ഭരണകൂടം നല്‍കമെന്നും കളക്ടര്‍ അറിയിച്ചു.



 


പ്രധാന വാർത്തകൾ
 Top