09 December Friday

ചടയമംഗലത്തെ യുവതിയുടെ മരണം: ഭർത്താവ്‌ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022

കിഷോറിന്റെയും ലക്ഷ്മിയുടെയും വിവാഹ ചിത്രം

ചടയമംഗലം > വിദേശത്തുനിന്ന്‌ ഭർത്താവ് നാട്ടിലെത്തിയ ദിവസം യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള വീട്ടിൽ കിഷോറി (30)നെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌. കിഷോറിന്റെ ഭാര്യ അടൂർ പഴവിള വൈഷ്‌ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകൾ ലക്ഷ്മി (23) യെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ ചൊവ്വാഴ്‌ചയാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌.
 
2021 സെപ്‌തംബർ ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. ഒരുമാസം കഴിഞ്ഞ്‌ കുവൈത്തിലേക്കു മടങ്ങിയ കിഷോർ ചൊവ്വ രാവിലെ പത്തോടെയാണ്‌ മടങ്ങിയെത്തിയത്. സാധനങ്ങൾ ഇറക്കിവച്ച് അകത്തുകയറി നോക്കിയപ്പോൾ മുകളിലത്തെ മുറിയുടെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് അടൂരിൽനിന്ന്‌ ലക്ഷ്‌മിയുടെ അമ്മയെ വിളിച്ചുവരുത്തി പകൽ മൂന്നോടെ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. സംഭവം പൊലീസിൽ അറിയിച്ചത് മൃതദേഹം പുറത്തെടുത്ത് ആംബുലൻസിൽ കയറ്റിയതിന് ശേഷമാണ്. സംഭവത്തിലെ അസ്വാഭാവികതയും ലക്ഷ്‌മിയുടെ ആത്‌മഹത്യാക്കുറിപ്പും കിഷോറിന് എതിരായി.
 
കിഷോർ സ്ഥിരമായി ലക്ഷ്‌മിയോട്‌ ഫോണിലൂടെ വഴക്കുണ്ടാക്കാറുണ്ടെന്നും  മരണത്തിന് പ്രേരണ ചെലുത്തുംവിധം  മാനസ്സിക പീഡനം ഉണ്ടായിരുന്നതായും പൊലീസ്‌ പറഞ്ഞു. എസ്എച്ച്ഒ വി ബിജു, എസ്ഐമാരായ എം മോനീഷ്, പ്രിയ, രാജേഷ്, സിപിഒ സനൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റിമാൻഡ്‌ ചെയ്‌തു.
 
"കൂടും കുടുക്കയും എടുത്ത്‌ പൊയ്‌ക്കോണം'
സ്വന്തം ലേഖിക
കൊല്ലം
"ഞാൻ നാട്ടിൽ എത്തുമ്പോൾ കൂടും കുടുക്കയും എടുത്ത് പൊയ്ക്കോണം'. നാട്ടിൽ എത്തുന്നതിനു രണ്ടുദിവസം മുമ്പ് കിഷോർ ലക്ഷ്മിയോട് പറഞ്ഞ വാക്കുകളാണിത്. പിന്നാലെ ഫോണിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തു. വീട്ടിലെത്തിയ ശേഷം ഭാര്യയെ കാണാൻ തയ്യാറാകാതിരുന്ന ഇയാൾക്ക് ലക്ഷ്‌മി മരിച്ചിരിക്കുമെന്ന്‌ ഉറപ്പായിരുന്നു. മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഭാര്യയെ കാണാനോ മുറി തുറക്കാനോ തയ്യാറാകാതിരുന്നത്‌ ദുരൂഹത വർധിപ്പിച്ചു. "ലക്ഷ്മിയുടെ അമ്മ എത്തി കതക്‌ തുറന്നാൽ തനിക്ക് പ്രശ്നമുണ്ടാകില്ലെന്ന അതിബുദ്ധിയാണ് ഇയാൾ കാട്ടിയത്'. അന്വേഷണ ഉദ്യോഗസ്ഥനായ ചടയമംഗലം എസ്എച്ചഒ വി ബിജു പറഞ്ഞു.   
കിഷോറിന്റെ അമ്മ, ഇവരുടെ സഹോദരി, കിഷോറിന്റെ അച്ഛന്റെ സഹോദരി എന്നിവർക്കൊപ്പമാണ് ലക്ഷ്മി താമസിച്ചിരുന്നത്. ഇവരോടൊപ്പം ചേർന്ന്  കിഷോർ ലക്ഷ്‌മിയെ ഒറ്റപ്പെടുത്തുകയായിരുന്നു. ലക്ഷ്‌മിയോട്‌ സഹകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. 
നിന്റെ 10 തുള്ളി 
കണ്ണീര്‍ വീഴും
കിഷോറിന്റെ വീട്ടുകാരുമായി ഒത്തുപോകാൻ പലപ്പോഴും ലക്ഷ്‌മിക്ക്‌ ബുദ്ധിമുട്ട്‌ നേരിട്ടിരുന്നു. ഇതിനെച്ചൊല്ലി കിഷോർ നിരന്തരം വഴക്കിട്ടിരുന്നതായി ലക്ഷ്മിയുടെ അമ്മ പറഞ്ഞു. "അഞ്ചാം ഓണത്തിനാണ്‌ അടൂരിൽനിന്ന്‌ അവൾ ചടയമംഗലത്തെ വീട്ടിലേക്കു വന്നത്‌. അന്ന്‌ കിഷോറിന്റെ അമ്മയുടെ സഹോദരിയുടെ മകൾക്ക്‌ വിരുന്ന്‌ നൽകണമെന്ന്‌ പറഞ്ഞിരുന്നു. എന്നാൽ, പനി കാരണം പാചകം തുടങ്ങാൻ വൈകി. ഇതിന്റെ പേരിൽ വീട്ടിലുള്ളവർ കുറ്റപ്പെടുത്തി. സഹോദരിയുടെ ഒരു തുള്ളി കണ്ണീർ വീണാൽ നിന്റെ പത്തുതുള്ളി കണ്ണീര്‍ വീഴുമെന്ന്‌ പറഞ്ഞ്‌ കിഷോർ ശകാരിച്ചു. പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതിന് കിഷോർ വരുന്ന ദിവസം എത്താമെന്ന്‌ മകളോട് പറഞ്ഞിരുന്നു. എന്നാൽ, അവരെല്ലാംകൂടി അമ്മയെ വളഞ്ഞിട്ട്‌ ആക്രമിക്കുമെന്നും അതിനാൽ പിന്നീട്‌ വന്നാൽ മതിയെന്നും ലക്ഷ്‌മി പറഞ്ഞു'.
ചത്തില്ലേ, പിന്നെയെന്തിന്‌ ആശുപത്രിയിലാക്കണം
അവൾ മരിക്കുന്നെങ്കിൽ മരിച്ചോട്ടെ എന്ന നിലപാടിലായിരുന്നു കിഷോറും ബന്ധുക്കളുമെന്ന്‌ അമ്മ രമ പൊലീസിന്‌ മൊഴി നൽകിയിരുന്നു. ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ മരിച്ചില്ലേ പിന്നെയെന്തിന്‌ കൊണ്ടുപോകണമെന്നായിരുന്നു  കിഷോറിന്റെ ചോദ്യം.
 
മാനസ്സിക പീഡനം സ്ത്രീധനത്തെച്ചൊല്ലിയും
കൊല്ലം
സ്ത്രീധനത്തെച്ചൊല്ലിയും ലക്ഷ്‌മിയെ കിഷോർ മാനസ്സികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബിടെക്‌ ബിരുദധാരിയായ ലക്ഷ്‌മിക്ക്‌ 45 പവനും 50 സെന്റ്‌ ഭൂമിയും വാഷിങ്‌മെഷീനുമായിരുന്നു വിവാഹസമയത്ത്‌ നൽകിയത്‌. പിന്നീട്‌ തന്റെ ഓഹരി വിറ്റുകിട്ടിയ പത്തുലക്ഷം രൂപ കടമായി നൽകണമെന്ന്‌ പറഞ്ഞ്‌ ലക്ഷ്‌മിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി അമ്മ രമ പറഞ്ഞു. ഈ തുക ഇളയമകൾക്കായി മാറ്റിവച്ചിരിക്കുന്നതിനാൽ നൽകാനാവുമായിരുന്നില്ല. കിഷോർ നേരത്തെ എടുത്തിട്ടുള്ള വായ്‌പ അടയ്ക്കാൻ ലക്ഷ്‌മിയുടെ സ്വർണം പണയം വച്ച് ഒമ്പതുലക്ഷം രൂപ എടുത്തിരുന്നു.  
വിവാഹം കഴിഞ്ഞനാൾ മുതൽ തീരാത്ത ആവശ്യങ്ങളായിരുന്നു കിഷോറിന്‌. കഴിയുംവിധം സഹായിച്ചിരുന്നു. എന്നാൽ, ഡിമാൻഡ്‌ കൂടിയതോടെ പിന്നോക്കം മാറി. 
പ്രതീക്ഷിച്ച രീതിയിൽ പണം കിട്ടാതായതോടെ ഫോണിലൂടെ നിരന്തരം വഴക്കായി. നാട്ടിൽ എത്തുമ്പോൾ ടൂവീലർ വാങ്ങിനൽകണമെന്ന്‌ പറഞ്ഞും കിഷോർ മകളെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു. അതിനായി 20,000 രൂപ ആദ്യം നൽകണമെന്ന്‌ അടുത്തിടെ മകളെക്കൊണ്ട്‌ പറയിപ്പിച്ചിരുന്നു. എന്നാൽ, സമ്മതിച്ചില്ല. വീട്‌ നവീകരിക്കാൻ ഏഴു പവൻ സ്വർണം നൽകണമെന്നും ആവശ്യപ്പെട്ടു. സ്വർണം ഇല്ലെന്നും കൈയിൽ കിടക്കുന്ന മോതിരം മാത്രമേ തരാൻ നിർവാഹമുള്ളൂവെന്നും പറഞ്ഞു. അത്‌ ശരിയാകില്ലെന്ന്‌ കിഷോർ പറഞ്ഞതായി ലക്ഷ്‌മി അറിയിച്ചിരുന്നു –- രമ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top