20 February Wednesday

സിമന്റ‌്‌ വില കൂട്ടി കമ്പനികൾ; തൊഴിലാളികൾക്ക‌് നൽകുന്നത‌് തുച്ഛ ശമ്പളം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

തിരുവനന്തപുരം> സിമന്റ‌് വില കുത്തനെ വർധിപ്പിച്ചിട്ടും തൊഴിലാ‌ളികളുടെ ശമ്പ‌ളത്തിൽ ആനുപാതിക വർധന നടപ്പാക്കാതെ കമ്പനികളുടെയും കേന്ദ്ര സർക്കാരിന്റെയും ഒത്തുകളി. ഒരു മാസത്തിനിടെ സിമന്റ‌് വില കുത്തനെ കൂട്ടിയിട്ടും തൊഴിലാളികൾക്ക‌് നൽകുന്നത‌് തുച്ഛമായ കൂലിമാത്രം. അടുത്ത നാലുവർഷത്തേക്ക‌് (രണ്ട‌് ഘട്ടമായി) അയ്യായിരം രൂപ മാത്രമാണ‌് തൊഴിലാളികളുടെ കൂലിവർധന നിശ്ചയിച്ചിരിക്കുന്നത‌്.

കേന്ദ്രതൊഴിൽ കമീഷണർ, സിമന്റ‌് ഉൽപ്പാദകരുടെ അസോസിയേഷൻ (സിഎംഎ), സിമന്റ‌് നിർമാണ തൊഴിലാളികളുടെ അഖിലേന്ത്യാ സംഘടനകൾ എന്നിവ ചേർന്ന വേജ‌്ബോഡ‌് ആണ‌് തൊഴിലാളികളുടെ കൂലി വർധിപ്പിക്കുന്നത‌്. ഓരോരോ കാരണങ്ങൾ പറഞ്ഞ‌് വേജ‌്ബോർഡ‌് യോഗം ചേരുന്നത‌് നീട്ടിക്കൊണ്ടുപോകുകയാണ‌് പതിവ‌്. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ചർച്ച ഈ വർഷം ജനുവരി 21‌ന‌് ആണ‌് ഒരു തീരുമാനത്തിൽ എത്തിയത‌്. 2018 ഏപ്രിൽ മുതൽ 2020 ഏപ്രിൽവരെ 2500 രൂപ, 2020 ഏപ്രിൽ മുതൽ 2022 ഏപ്രിൽവരെ 2500 രൂപ എന്നിങ്ങനെയാണ‌് വർധന.

കേരളത്തിൽ മലബാർ സിമന്റ‌്സ‌്, ട്രാവൻകൂർ സിമന്റ‌്സ‌് എന്നീ പൊതുമേഖലാ കമ്പനികൾ മാത്രമാണ‌് സിമന്റ‌് ഉൽപ്പാദനരംഗത്തുള്ളത‌്. കേരളത്തിലെ സിമന്റ‌് നിർമാണ തൊഴിലാളികൾക്കും വേജ‌് ബോർഡ‌് നിശ്ചയിക്കുന്ന ശമ്പളമാണ‌് ലഭിക്കുക. ആയിരത്തോളം തൊഴിലാളികൾ കേരളത്തിൽ പണിയെടുക്കുന്നുണ്ട‌്. അതേസമയം, സിമന്റിന് നാമമാത്രമായാണ‌്  വില വർധിച്ചതെന്ന‌് കേരള സിമന്റ്  ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം വി സക്കീർ ഹുസൈൻ കോഴിക്കോട്ട‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇല്ലാത്ത വിലവർധന പ്രചരിപ്പിച്ച് ചില സംഘടനകൾ സിമന്റ് കമ്പനികൾക്ക് വിലവർധനയ‌്ക്ക‌് കളമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


പ്രധാന വാർത്തകൾ
 Top