17 January Friday

പ്രകൃതി ദുരന്തത്തെ അതിജീവിക്കാൻ ‘ നമ്മള്‍ നമുക്കായി' ജനകീയ ക്യാമ്പയിന്‍; കേരള പുനര്‍നിര്‍മ്മാണ പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019


തിരുവനന്തപുരം> കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചു.  പ്രകൃതിദുരന്തത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള പ്രാദേശിക സമൂഹത്തെ രൂപപ്പെടുത്തുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനും 'നമ്മള്‍ നമുക്കായി' എന്ന  ജനകീയ ക്യാമ്പയിന്‍ നടത്തും. കൃഷി, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പദ്ധതികള്‍ക്കും മാപ്പത്തോണ്‍ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. കേരള പുനര്‍ നിര്‍മ്മാണ പദ്ധതി ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ റീബില്‍ഡ് കേരള പദ്ധതിയുടെ പേരില്‍ ലോക ബാങ്കിന്റെ വികസന വായ്പയില്‍ നിന്നും നടപ്പാക്കും.

വസന്തോത്സവം
വസന്തോത്സവം 2020 ല്‍ പങ്കെടുക്കുന്ന വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും സ്വന്തം ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ അനുമതി നല്‍കി. പരമാവധി 5 ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി. 2019 ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെ തിരുവനന്തപുരം നിശാഗന്ധി, കനകക്കുന്ന്, സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വസന്തോത്സവം.
 

തസ്‌തിക പുനർവിന്യാസം
പൊതുമരാമത്ത് വകുപ്പില്‍ പുതുതായി നിലവില്‍ വന്ന നിരത്തു പരിപാലന വിഭാഗം, പാലങ്ങള്‍ വിഭാഗം, കെട്ടിട വിഭാഗം കാര്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ തസ്തികകള്‍ വകുപ്പിന്റെ വിവിധ കാര്യാലയങ്ങളില്‍ നിന്നും പുനര്‍ വിന്യാസത്തിലൂടെ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട് 13, സീനിയര്‍ ക്ലാര്‍ക്ക്/ക്ലാര്‍ക്ക് 152, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് 4, ടൈപ്പിസ്റ്റ് 47, ഓഫീസ് അറ്റന്‍ഡന്റ് 38 എന്നിങ്ങനെ 254 തസ്തികകളാണ് പുനര്‍ വിന്യാസത്തിലൂടെ നികത്തുക. 32 മിനിസ്റ്റീരിയൽ തസ്തികകളുടെ പദവി ഉയര്‍ത്താനും തീരുമാനിച്ചു.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷനായ പി.സുരേഷിന് ചീഫ് സെക്രട്ടറി പദവിയും കെ.എസ്.ആര്‍ ഭാഗം 3 ചട്ടം 100 പ്രകാരം വേതനവും നല്‍കാന്‍ തീരുമാനിച്ചു.

2020 ജനുവരി 1, 2, 3 തീയതികളില്‍ നടക്കുന്ന രണ്ടാമത് ലോകകേരള സഭയുടെ കാര്യപരിപാടികള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.


പ്രധാന വാർത്തകൾ
 Top