29 February Saturday

ഭരണഘടനയുടെ കാമ്പ്‌ ഒരു കൂട്ടർ തുരന്നു തീർക്കുന്നു: ടി പത്മനാഭൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

കണ്ണൂർ> മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ കാമ്പു മുഴുവൻ ഒരു കൂട്ടർ തുരന്നു നശിപ്പിക്കുകയാണെന്ന്‌ കഥാകാരൻ ടി പത്മനാഭൻ. ഇതിനു തടയിട്ടില്ലെങ്കിൽ നമ്മുടെ നാട്‌ എവിടെയെത്തുമെന്ന്‌ പറയാനാവില്ല. ഇപ്പോൾ ചെയ്‌തില്ലെങ്കിൽ ഇനി ചെയ്യാൻ ബാക്കിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യശൃംഖലയുടെ ഭാഗമായി കണ്ണൂർ എ കെ ജി സ്‌റ്റാച്യുവിൽ ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറെക്കാലത്തെ ത്യാഗപൂർണമായ സമരത്തിനു ശേഷമാണ്‌ നമ്മുടെ നാട്‌ സ്വാതന്ത്ര്യം നേടിയത്‌. ലോകത്തിന്റെ അസൂയക്ക്‌ പാത്രമായ മികച്ച ഒരു ഭരണഘടനയും നമ്മുടെ പിതാമഹന്മാർ ഉണ്ടാക്കി. ഭരണഘടന ഇന്ത്യയിലെ എല്ലാവർക്കും തുല്യനീതിയാണ്‌ നൽകിയിരിക്കുന്നത്‌.

ജാതിയുടെയോ മതത്തിന്റെയോ  വർണത്തിന്റെയൊ ദേശത്തിന്റെയോ അടിസ്ഥാനത്തിൽ ഒരു തരത്തിലുള്ള വ്യത്യാസവുമില്ല.  മഹത്തായ ഉദ്ദേശ്യത്തോടെ നാം രൂപപ്പെടുത്തിയ ഈ ഭരണഘടനയുടെ ഉള്ളിലുള്ള സത്ത മൂഴുവൻ ഒരുകൂട്ടർ പതുക്കെപ്പതുക്കെ തുരന്നെടുക്കുകയാണ്‌. പുറന്തോട്‌ നിലനിർത്തിയിരിക്കുന്നു. കണ്ടാൽ ഭരണഘടന അവിടെയുണ്ട്‌. പക്ഷേ, വളരെ സമർഥമായി ഉള്ളു മുഴുവൻ, അതിന്റെ കാമ്പു മുഴുവൻ തുരന്നു തുരന്നു നശിപ്പിക്കുകയാണ്‌–-  ടി പത്മനാഭൻ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top