13 November Wednesday

ആവേശം മുങ്ങിയില്ല; 57.89 %

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019

കൊച്ചി > ഞായറാഴ്‌ച രാത്രിമുതൽ പെയ്‌ത മഴയും നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടും അവഗണിച്ച്‌ എറണാകുളം മണ്ഡലം മൂന്നാമത്‌ ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതി. രാവിലെ ഏഴിന്‌ പോളിങ്‌ ആരംഭിച്ചെങ്കിലും മഴയും വെള്ളക്കെട്ടും മൂലം മന്ദഗതിയിലാണ്‌ പുരോഗമിച്ചത്‌. നിശ്‌ചിത സമയത്ത്‌ 108 ബൂത്തുകളിലെ വോട്ടിങ്‌ പൂർത്തിയായി. ശേഷിച്ചവയിൽ 14  എണ്ണം രാത്രി ഏഴിനുമുമ്പ്‌ പൂർത്തിയായെങ്കിലും 13 ഇടത്ത്‌ ഏഴിനുശേഷവും തുടർന്നു. 1,55,306 വോട്ടർമാരിൽ രാത്രി എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 89,868 പേർ വോട്ട്‌ രേഖപ്പെടുത്തി–- 57.89  ശതമാനം. അന്തിമ കണക്കുകൾ വരുന്നതോടെ ഇതിൽ മാറ്റമുണ്ടാകും.

ആദ്യമണിക്കൂറുകളിൽ പോളിങ്‌ ശതമാനം കുറഞ്ഞുനിന്നത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കി. ചില ബൂത്തുകളിൽ വൈദ്യുതി മുടക്കവും വോട്ടിങ്‌ യന്ത്രങ്ങൾ പണിമുടക്കിയതും ആദ്യമണിക്കൂറുകളിൽത്തന്നെ പരിഹരിച്ചു. ഭൂരിഭാഗം ബൂത്തിലും ഏഴിന്‌ പോളിങ്‌ ആരംഭിച്ചെങ്കിലും ചിലയിടങ്ങളിൽ എട്ടിനുശേഷമാണ്‌ പൂർണതോതിലായത്‌. ഉച്ചയോടെ മഴ മാറിനിന്നതും പലയിടത്തും വെള്ളമിറങ്ങിയതും പിന്നീടുള്ള മണിക്കൂറുകളിൽ പോളിങ്‌ ബൂത്തുകളെ സജീവമാക്കി. ഇടയ്‌ക്ക്‌ പോളിങ്‌ മാറ്റിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും സാധ്യത കലക്ടറും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറും തള്ളിയതോടെ ബൂത്തുകളിൽ തിരക്കേറി. വൈകിട്ടോടെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷമായി. 
മണ്ഡലത്തിലെ 135 ബൂത്തുകളിലായി ആദ്യമണിക്കൂറിൽ 3694 പേർ മാത്രമാണ്‌ സമ്മതിദാനാവകാശം വിനിയോഗിച്ചത്‌. മുട്ടറ്റം വെള്ളത്തിലാണ്‌ പല ബൂത്തുകളിലും വോട്ടർമാരെത്തിയത്‌. വെള്ളംകയറിയ ബൂത്തുകളിൽ കലക്ടറും വരണാധികാരിയും ഇടപെട്ട്‌ ബദൽ സംവിധാനമൊരുക്കി. പോളിങ്‌ ബൂത്തുകൾ പ്രവർത്തിച്ച കെട്ടിടങ്ങളിലെ വെള്ളം കയറാത്ത ഭാഗങ്ങളിലേക്കും മുകൾനിലയിലേക്കുമായാണ്‌ വോട്ടിങ്‌ സാമഗ്രികൾ മാറ്റിയത്‌. മുകൾനിലയിലേക്ക്‌ മാറ്റിയ ബൂത്തുകളിൽ ഭിന്നശേഷിക്കാർക്കും വയോധികർക്കും ബുദ്ധിമുട്ട്‌ അനുഭവപ്പെടാതിരിക്കാൻ വളന്റിയർമാരുടെ സേവനം ഉറപ്പുവരുത്തി.

നഗരത്തിലെ കാനകൾ വൃത്തിയാക്കാത്തതാണ്‌ വെള്ളക്കെട്ടിനു കാരണമെന്ന്‌ ചൂണ്ടിക്കാട്ടി പലയിടത്തും വോട്ടർമാർ പ്രതിഷേധിച്ചു. ബൂത്തുകൾക്ക്‌ സമീപമുണ്ടായിരുന്ന യുഡിഎഫ്‌ പ്രവർത്തകരോടും നാട്ടുകാർ രോഷംകൊണ്ടു. മുൻ ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ പോളിങ്‌ ശതമാനത്തിൽ കാര്യമായ ഏറ്റക്കുറച്ചിലുകളില്ല. 1998ലെ ഉപതെരഞ്ഞെടുപ്പിൽ 57.71ഉം 2009ൽ 64.55 ഉം ശതമാനമായിരുന്നു എറണാകുളത്ത്‌ പോളിങ്‌. പൊതു തെരഞ്ഞെടുപ്പുകളിൽ 2001ൽ 55.17 ശതമാനമായിരുന്നു എറണാകുളത്തെ പോളിങ്‌. സമീപകാലത്ത്‌ ഏറ്റവും കുറഞ്ഞ പോളിങ്ങും ഇതാണ്‌. 2006ൽ 61.18, 2011ൽ 71.16 എന്നിങ്ങനെയാണ്‌ പോളിങ്‌ ശതമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 71.72 ശതമാനം പേർ വോട്ടുചെയ്‌തു.


പ്രധാന വാർത്തകൾ
 Top