21 October Monday

ശമ്പളം മുടങ്ങി:ബിഎസ്‌എൻഎൽ ജീവനക്കാർക്ക്‌ ഇക്കുറി ഓണമില്ല

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2019

കാഞ്ഞങ്ങാട്
ബിഎസ്‌എൻഎൽ ജീവനക്കാർക്ക്‌ ശമ്പളം മുടങ്ങി. 1,59,000 ജീവനക്കാർക്ക്‌ ഈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച മുഹറം അവധിയും തിരുവോണത്തിന്റെ അവധിയും കഴിഞ്ഞ് ശമ്പളം എപ്പോൾ കിട്ടുമെന്നതിന്‌ ഒരുറപ്പുമില്ല. ഒരു ലക്ഷത്തോളം കരാർ തൊഴിലാളികൾക്കും ആറുമാസമായി വേതനം മുടങ്ങിയിരിക്കുകയാണ്‌. ഓണനാൾ മുതൽ കരാർ ജീവനക്കാർ പട്ടിണിസമരം പ്രഖ്യാപിച്ചിട്ടുണ്ട്‌.

പെൻഷൻ നിക്ഷേപമായി പിടിച്ചെടുത്ത 6500 കോടിയോളം രൂപ ജീവനക്കാർക്ക് ലഭിക്കേണ്ട അധികതുകയാണ്. ഈ സംഖ്യ അനധികൃതമായി കേന്ദ്രസർക്കാർ കൈവശം വച്ചിരിക്കയാണ്‌. കൃത്രിമപ്രതിസന്ധി മറയാക്കി ജീവനക്കാരുടെ ശമ്പളം നിഷേധിക്കുകയാണ്‌. റിലയൻസിന്റെ രണ്ടരലക്ഷം കോടി രൂപയുടെ ബാധ്യത കിട്ടാക്കടമായി പരിഗണിച്ച സ്ഥാനത്താണ്‌ പൊതുമേഖലാസ്ഥാപനത്തോടുള്ള ഇരട്ടത്താപ്പ്‌.20,000 കോടി രൂപയുടെ ബാധ്യതയാണ് ബിഎസ്എൻഎൽ അഭിമുഖീകരിക്കുന്നത്‌. സ്വന്തമായി ഒരു ലക്ഷം കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമടങ്ങുന്ന

ആസ്തിയുള്ള സ്ഥാപനമാണിത്. കണ്ണായ സ്ഥലത്ത് ഉപയോഗിക്കാതെ കിടക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമി വേറെയും. ഇതെല്ലാം ഫലപ്രദമായി വിനിയോഗിച്ചാൽ  ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാം. എയർടെല്ലിന് 2.18 ലക്ഷം കോടി രൂപയുടെ ബാധ്യതയും ഐഡിയ -വൊഡാഫോൺ സംയുക്ത കമ്പനിക്ക് 2.08 കോടിയുടെ ബാധ്യതയുമുണ്ട്. ഇവയൊക്കെയും കിട്ടാക്കടമാണ്‌.

ബിഎസ്‌എൻഎൽ ജീവനക്കാർക്ക്‌ മാസത്തിന്റെ അവസാനത്തെ പ്രവൃത്തിദിവസം മുടങ്ങാതെ ലഭിച്ചിരുന്ന ശമ്പളം കഴിഞ്ഞമാസവും അതിനുമുമ്പത്തെ മാസവും അഞ്ചാംതിയതി കഴിഞ്ഞാണ് ലഭിച്ചത്. ബാങ്കുകളുടെ തുടർച്ചയായ അവധിയും ജീവനക്കാരുടെ പ്രതീക്ഷകൾക്ക്‌ തിരിച്ചടിയാവുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top