12 November Tuesday

കമ്മ്യൂണിസ്റ്റുകാർ അടിച്ചമർത്തലുകളെ അതിജീവിച്ചവർ: വൃന്ദാ കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

മുംബൈ >   രൂപീകരണകാലം തൊട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്കും നിരോധനത്തിനും ഇരയായ പാർട്ടിയായാണ് കമ്മ്യൂണിസ്റ്റുപാർട്ടിയെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം വൃന്ദാ കാരാട്ട് ഓർമിച്ചു. കമ്മ്യൂണിസ്റ്റു പാർട്ടി രൂപീകരണത്തിന്റെ ശബ്ദാബ്ദി ആഘോഷത്തിന് തുടക്കംകുറിച്ച ഒക്ടോബർ 17 നു മഹാരാഷ്ട്ര നിയസഭാ തിരഞ്ഞെടുപ്പിൽ മുംബൈ അന്ധേരി വെസ്റ്റ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന സിപിഐ എം സ്ഥാനാർത്ഥിയും മലയാളിയുമായ കെ  നാരായണന്റെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.



തൊഴിലാളികളുടെയും കർഷകരുടെയും അടിച്ചമർത്തപ്പെട്ട മറ്റു ജനവിഭാഗങ്ങളുടെയും സമത്വത്തിനും നീതിക്കും വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടം തന്നെയാണ് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തുരത്തിയ ഐതിഹാസിക പ്രക്ഷോഭങ്ങളിൽ ത്യാഗപൂർണമായ സാന്നിധ്യമായിരുന്നു കമ്മ്യൂണിസ്റ്റുകാർ. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു അഞ്ചു വർഷങ്ങൾക്ക് ശേഷം രൂപീകരിച്ച ആർഎസ്എസ് ആകട്ടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ ബ്രിടീഷുകാരുടെ ചാരന്മാരായി പ്രവർത്തിച്ചവരാണ്. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുക എന്ന അജണ്ടയായണ് അവർക്ക് അന്നും ഉണ്ടായിരുന്നത് എന്ന് വൃന്ദാ കാരാട്ട് പറഞ്ഞു.

രാജ്യത്തെ പിളർക്കാനിടയായ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ഉപജഞാതാവ്‌ വി ഡി സവർക്കാരിന്റെ ഭാരതരത്നം കൊടുക്കണം എന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. എൻആർസിയുടെയും പൗരത്വ നിയമഭേദഗതി ബില്ലിന്റെയും പേരിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ ഒരിക്കൽക്കൂടി വിഭജിക്കാനാണ് ആർഎസ്എസുകാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിനെ പ്രതിരോധിക്കാൻ കൃത്യമായ നിലപാടുകളും നിശ്ചയദാർഢ്യവും ഇടതുപക്ഷത്തിന് മാത്രമേ ഉള്ളൂ എന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

 കാശ്മീരിന്റെ പേരിലും , പശുവിനെ പേരിലും ഒക്കെ രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാരിന് ജനങ്ങളുടെ നീറുന്ന ജീവിത പ്രശനങ്ങൾ ചർച്ചാ വിഷയമാകാതിരിക്കുക എന്ന ദുരുദ്ദേശം കൂടിയുണ്ട്. രാജ്യത്തെ സാധാരണക്കാർ നേരിടുന്ന ഗുരുതരമായ സാമ്ബത്തിക പ്രശ്നങ്ങൾക്ക് കാരണമായ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശ്കതമായ പോരാട്ടങ്ങൾക്ക് ഇടതുപക്ഷ പ്രസ്ഥാനം മുന്നിട്ടിറങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു. സിപിഐ എം കേന്രക്കമ്മറ്റി അംഗമായ മഹേന്ദ്രസിംഗ്, മുംബൈ ജില്ലാ സെക്രട്ടറി ഡോ. എസ്.കെ റേഗേ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശൈലേന്ദ്ര കാംബ്ലെ, സ്ഥാനാർഥിയായ കെ. നാരായണൻ എന്നിവർ സംസാരിച്ചു. മുംബൈയിൽ താമസിക്കുന്ന നൂറുകണക്കിന് മലയാളികളും കെ.നാരായണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായുണ്ട്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top