05 December Thursday

കേസ്‌ അന്വേഷണത്തിന്‌ ബ്ലോക്ക്‌ ചെയിൻ സാങ്കേതികവിദ്യയും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019


കേസന്വേഷണത്തിനും രഹസ്യവിവരങ്ങൾ ശേഖരിക്കാനും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ.   ഈ സംവിധാനത്തിലൂടെ പാസ്‌പോർട്ട് വിതരണം എളുപ്പമാക്കാമെന്നും  അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച മേഖലാ സൈബർ സെക്യൂരിറ്റി സമ്മേളനം  ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ നടന്ന ഡിജിപി, ഐജി സമ്മേളനത്തിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സൈബർ സെക്യൂരിറ്റി സമ്മേളനം സംഘടിപ്പിച്ചത്‌.  ബ്ലോക്ക് ചെയിൻ, സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ, ഫോറൻസിക് ഡിജിറ്റൽ തെളിവുകൾ എന്നീ മേഖലകളിലെ വിദഗ്‌ധരാണ് ക്ലാസുകൾ നയിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ആന്ധ്ര, തെലങ്കാന, കർണാടകം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്തമാൻ ആൻഡ്‌ നിക്കോബാർ എന്നിവിടങ്ങളിൽനിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാനത്തെ വിവിധ സൈബർ പൊലീസ് യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.  വ്യാഴാഴ്‌ച സമാപിക്കും. 

ഉദ്‌ഘാടനച്ചടങ്ങിൽ എഡിജിപിമാരായ ടോമിൻ ജെ തച്ചങ്കരി, സുദേഷ്‌കുമാർ, ഡോ. ബി സന്ധ്യ, മനോജ് എബ്രഹാം, ഐജി എം ആർ അജിത്‌കുമാർ, ഡിഐജി നാഗരാജു ചകിലം, കോറി സഞ്ജയ്കുമാർ ഗുരുദിൻ എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top