29 September Friday

കറുത്തപൊന്നിന് കരിഞ്ഞകാലം; കാലാവസ്ഥ വ്യതിയാനവും വിലക്കുറവും പ്രതികൂലമായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ഇരട്ടയാർ കാറ്റാടിക്കവലയ്ക്കു സമീപമുള്ള തോട്ടത്തിലെ കുരുമുളക് കൊടികൾ മഞ്ഞളിപ്പ് ബാധിച്ച് കരിഞ്ഞുണങ്ങിയ 
നിലയിൽ

ഇടുക്കി> തഴച്ചുവളർന്ന് ചരടുകൾ  നിറയെ മണിപിടിക്കുന്ന ഹെെറേഞ്ചിലെ കുരുമുളക് കൊടികൾ ഓർമയാകുന്നു. വിലക്കുറവും ഉല്പാദനചെലവ് വർധനയുംമൂലം പൊറുതിമുട്ടിയ കർഷകർക്ക് കാലാവസ്ഥ വ്യതിയാനം പ്രതികൂലമായി. കാലംതെറ്റിപെയ്‌ത അതിതീവ്രമഴയിൽ വേരുകളിൽ വെള്ളംക്കെട്ടികിടന്ന് ഏക്കറുകണക്കിന് കുരുമുളക് തോട്ടങ്ങൾ ദ്രുതവാട്ടത്താൽ നശിച്ചു. പ്രളയാനന്തരം മണ്ണിന്റെ ഘടനയിൽ വന്നമാറ്റം, കുമിളുകളുടെ വർധന, സൂക്ഷ്മ മൂലകങ്ങളുടെ കുറവ് എന്നിവയും കുരുമുളക് കൊടിയുടെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. അതിശക്തമായ മഴയിൽ പരാഗണം നടക്കാത്തതിനാൽ കുരുമുളകിന് മണിപിടിത്തവും കുറഞ്ഞു. പ്രധാന കുരുമുളക് ഉല്പാദനകേന്ദ്രങ്ങളായ ഉപ്പുതറ, ഇരട്ടയാർ, കാമാക്ഷി പഞ്ചായത്ത് മേഖലകളിലും ഗണ്യമായ വിളവ‍ കുറവാണ്  ഇക്കുറിയുള്ളത്.
 
മഴനിന്നതോടെ  ഇപ്പോൾ മഞ്ഞളിപ്പ് ബാധിച്ച്(സാവധാനവാട്ടം) കുരുമുളക്ച്ചെടികൾ നശിക്കുകയാണ്. കുരുമുളക് ചരടുകളിൽ മണിപിടുത്തവും കുറവാണ്. നാടൻ ഇനങ്ങളായ കരിമുണ്ട, നീലമുണ്ടി,ജീരകമുണ്ടി ഇനങ്ങളിലാണ് രോഗബാധ കൂടുതൽ. കർഷകർ -കടചീയൽ, ചുവടുചീയൽ, മൂടുചീയൽ എന്ന പേരുകളിൽ വിളിക്കുന്ന ദ്രുതവാട്ടം സാധാരണ മഴ ആരംഭിക്കുന്നവേളയിലാണ് തുടങ്ങുന്നത്. ഈ രോഗമുണ്ടാക്കുന്നത് ഫൈറ്റോഫ്തോറ കാപ്സിസി എന്നയിനം കുമിളാണ്. വംശവർധനയുണ്ടാവുന്ന കുമിളുകൾ വേരിലൂടെയോ കടഭാഗത്തുകൂടെയോ ചെടിയിൽകടന്ന് രോഗമുണ്ടാക്കുകയാണ് ചെയ്യുന്നത്. കാലവർഷാരംഭത്തോടെയാണ് രോഗം കാണപ്പെടുന്നത്. ഇലകൾ, തണ്ട്, തിരികൾ എന്നിവിടങ്ങളിലും കടഭാഗത്തും വേരിലും രോഗം കാണാം. കൊടിയുടെ ചുവടുഭാഗത്തുള്ള രോഗമാണ് വൻനാശം വരുത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ കുരുമുളക് കൊടി നശിക്കുകയും ചെയ്യും. 
 
ദ്രുതവാട്ടം 
 
രോഗബാധയുണ്ടായ വള്ളികൾ ചുട്ട്നശിപ്പിക്കണം. ദ്രുതവാട്ടത്തിന്  ബോഡോമിശ്രിതം നേർപ്പിച്ച്  കുരുമുളക് കൊടികളുടെ വേരുകളിൽ  തളിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ, അരക്കിലോ ബോഡോ മിശ്രിതത്തിന് 340 രൂപയോളമാകും. 200 ലിറ്റർ കുമിൾനാശിനി തയ്യാറാക്കിയാൽ 20 കുരുമുളക് കൊടിക്കെ ഒഴിക്കാനാവു. ഒരുകിലോ കുരുമുളകിന്  വിലകിട്ടുന്നതാകട്ടെ 500 രൂപയിൽ താഴെ മാത്രവും.
 
മഞ്ഞളിപ്പ്  രോഗം  
 
മഴക്കാലാവസാനത്തോട് കൂടി ഇലകളിൽ മഞ്ഞളിപ്പ്(സാവധാനവാട്ടം) കൂടി കുരുമുളക് വള്ളി  മുഴുവൻ പടരുന്നത് ചൊള്ളുപരുവമായ വിളവും പൊഴിഞ്ഞ് കണ്ണിത്തല മുറിഞ്ഞ്‌ വീഴുന്നു. കുമിളുകൾ, നീമാവിരകൾ, മീലിമൂട്ടകൾ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്.  
    മൂന്ന് വർഷത്തിനുള്ളിൽ പൂർണമായും നശിക്കുന്നു. നീമവിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകൾ തുരന്ന് അവയിൽ മുഴകൾ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകൾക്ക് ഇലകളും തിരികളും പൊഴിഞ്ഞ്,കണ്ണിത്തല മുറിഞ്ഞ്‌ വീഴുന്നു. പിന്നീട് കുമിൾ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തിൽ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. 
 
പ്രതിരോധിക്കാം
 
സാവധാനവാട്ടത്തിന്റെ രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ കുരുമുളക്ചെടികൾ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കുക. സാധാരണരീതിയിൽ കമ്യൂണിസ്റ്റ് പച്ച, ജമന്തി,ശീമക്കൊന്ന എന്നിവ ചുവട്ടിൽ ചേർക്കുക വള്ളിയൊന്നിനു മൂന്ന്കിലോ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുക. മിത്രബാക്ടീരിയായ പോച്ചോണിയ ക്ലാമിഡോസ്പോറിയ പെസിലോമൈസെസ് ലീലാസിനസ്  ഇടണം.(കൊടിയൊന്നിന് 25-–50 ഗ്രാം)ട്രൈക്കോഡർമ ചേർത്ത ചാണകം വേപ്പിൻപിണ്ണാക്ക്‌ എന്നിവ കൊടിയൊന്നിനു മൂന്ന് കിലോവീതം ഇട്ടാൽ മതിയാകുമെന്നാണ് കൃഷി വിദഗ്ധർ പറയുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top