22 March Friday

പി സതീദേവിയെ കൊത്തിനുറുക്കുമെന്ന‌് ബിജെപി നേതാവിന്റെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

തലശേരി > മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിക്കെതിരെ കൊലവിളിയുമായി ബിജെപി നേതാവ്. ബിജെപി വക്താവ്‌ ബി ഗോപാലകൃഷ്ണൻ സ്വകാര്യചാനൽ ചർച്ചയിലാണ‌് കൊത്തിനുറുക്കി കൊല്ലുമെന്ന‌് ഭീഷണിപ്പെടുത്തിയത്.  അയ്യപ്പനോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ജഡം പോലുമുണ്ടാവില്ലെന്നും കൊത്തിനുറുക്കുമെന്നുമായിരുന്നു ആക്രോശം. ഇതിനിടെ വാർത്താ അവതാരകൻ അങ്ങനെയൊന്നും പറയല്ലേയെന്ന് പറഞ്ഞ് ഇടപെട്ടെങ്കിലും  കൊലവിളിനിർത്താൻ തയ്യാറായില്ല. നിയമവാഴ്ചയെയും ഭരണഘടനയെയും പരസ്യമായി വെല്ലുവിളിച്ചുള്ള ഭീഷണിയായിരുന്നു ചർച്ചയിലുടനീളം.

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗംകൂടിയായ പി സതീദേവിക്ക് പുറമെ എം എൻ കാരശേരിയും കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനും ചർച്ചയിലുണ്ടായിരുന്നു.

ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ എം എൻ കാരശേരി ഉടൻ പ്രതികരിച്ചെങ്കിലും ഉണ്ണിത്താൻ ഒരക്ഷരം പറയാൻ തയാറായില്ല. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് സതീദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പൊതുപ്രവർത്തകയായ സ്ത്രീകൾക്കെതിരെ നടത്തുന്ന ഇത്തരം ഭീഷണികൾ തടയാൻ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന‌് പരാതിയിൽ ആവശ്യപ്പെട്ടു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സഹോദരികൂടിയാണ് പി സതീദേവി.

വധഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന‌് പി കെ ശ്രീമതി എം പി ആവശ്യപ്പെട്ടു.

ബിജെപി വക്താവിന്റെ നടപടിയിൽ മഹിളാ അസോ. പ്രതിഷേധിച്ചു

ചാനൽ ചർച്ചയ‌്ക്കിടെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവിക്കെതിരെ ബിജെപി വക്താവ‌് അഡ്വ. ബി ഗോപാലകൃഷ‌്ണന്റെ വധഭീഷണിയിലും   മഹിളാ അസോസിയേഷൻ അഖിലേന്ത്യാ   ട്രഷറർ    പികെ ശ്രീമതിക്കെതിരെ മഹിളാമോർച്ചയുടെ കള്ളപ്രചാരണത്തിലും അസോസിയേഷൻ സംസ്ഥാനകമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.

ശബരിമലയിൽ സ‌്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ന്യൂസ‌് 18 കേരള ചാനൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയ‌്ക്കിടെയാണ‌് ഗോപാലകൃഷ‌്ണൻ സ‌തീദേവിക്കെതിരെ വധഭീഷണി മുഴക്കുകയും ആക്രോശിക്കുകയും ചെയ‌്തത‌്. ശബരിമലയിൽ സ‌്ത്രീകളെ
പ്രവേശിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട‌് നിയമയുദ്ധത്തിന‌് തുടക്കമിട്ടത‌്  ആർഎസ‌്എസ‌് – ബിജെപി വനിതാ നേതാക്കളാണ‌്. അവരുടെ അഖിലേന്ത്യ നേതാക്കൾ ഉൾപ്പെടെ സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ‌്തിട്ടുമുണ്ട‌്. എന്നാൽ, ഇതിനു വിരുദ്ധമായി കേരളത്തിൽ വിശ്വാസികളെ ഇളക്കിവിട്ട‌് കലാപം സൃഷ്ടിക്കാനുള്ള ഗൂഢലക്ഷ്യമാണ‌് സതീദേവിക്കെതിരെ ഉയർത്തിയ വധഭീഷണിയിലൂടെ പുറത്തുവന്നത‌്.

ഗൂഢാലോചനയുടെ ഭാഗമായി സുപ്രീംകോടതി വിധിയുടെ മറവിൽ സംഘപരിവാറും ബിജെപിയും നടത്തിവരുന്ന ദുഷ‌്പ്രചാരണങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നും പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.

സ‌്ത്രീകളോട‌് മാന്യമായി പെരുമാറാനോ തുല്യത അംഗീകരിക്കാനോ തയ്യാറാകാതെ സ‌്ത്രീവിരുദ്ധ നിലപാട‌് പുലർത്തുന്നഗോപാലക്യഷ‌്ണൻ കേരളത്തിലെ സ‌്ത്രീകളെ ഒന്നടങ്കം വെല്ലുവിളിക്കുകയായിരുന്നു.

സ‌്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം  പോരാടുന്ന പി കെ ശ്രീമതിക്കെതിരെ കളളപ്രചാരണമാണ‌് മഹിളാമോർച്ച നടത്തുന്നത‌്.  പത്തനംതിട്ടയിൽ നടത്തിയ‌പ്രസംഗത്തിന്റെ പേരിലാണ‌്  ശ്രീമതിക്കെതിരായ  കുപ്രചാരണം. സ‌്ത്രീകളുടെ സംഘടനാസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അംഗീകരിക്കാൻ തയ്യാറാകാത്ത  ഗോപാലക്യഷ‌്ണന്റെയും കള്ളപ്രചാരണം നടത്തുന്ന മഹിളാമോർച്ചയുടെയും നടപടിക്കെതിരെ വെള്ളിയാഴ‌്ച യൂണിറ്റ‌് അടിസ്ഥാനത്തിൽ  ഉൾപ്പെടെ  പ്രതിഷേധ പ്രകടനവും യോഗവും നടത്തണമെന്ന‌് സംസ്ഥാന പ്രസിഡന്റ‌് സൂസൻകോടിയും ട്രഷറർ സി എസ‌് സുജാതയും പ്രസ‌്താവനയിൽ അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top