24 October Thursday

തൃപ്പൂണിത്തുറയിൽ ബിജെപി നേതാവിന്‌ മർദ്ദനം; ആർഎസ്‌എസുകാർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

തൃപ്പൂണിത്തുറ > നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ വി ആർ വിജയകുമാറിന് മർദനമേറ്റ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരായ വിപിൻ, ഹരി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വിജയകുമാറിന്റെ മൊഴിപ്രകാരമാണ് കേസെന്ന് തൃപ്പൂണിത്തുറ എസ്ഐ ബിജു പറഞ്ഞു.

കഴിഞ്ഞ 15-ന് രാത്രി പത്തുമണിയോടെയാണ്, വടക്കേക്കോട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിൽവെച്ച് വിജയകുമാറിന് മർദനമേറ്റത്. തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് ഒരു രക്ഷാബന്ധൻ ചടങ്ങിൽ പങ്കെടുത്തത് ചോദ്യംചെയ്തായിരുന്നു ആർഎസ്എസ് ചുമതലയുള്ളവർ മർദിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.

ബിജെപിയിലെ വിഭാഗീയതയാണ് പ്രശ്നങ്ങൾക്ക് കാരണം. വിജയകുമാറിന് മർദനമേറ്റ സംഭവം കഴിഞ്ഞയാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിലും ബഹളത്തിടിനിടയാക്കിയിരുന്നു. വിജയകുമാറിനെ മർദിച്ചവർക്കെതിരെ നടപടി വേണമെന്ന്‌ സഭയിൽ ആവശ്യമുയർന്നു. ബിജെപിക്ക്‌ 12 അംഗങ്ങളുള്ള നഗരസഭാ കൗൺസിലിൽ ഏഴ് അംഗങ്ങൾ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. കൗൺസിൽ യോഗത്തിലും ബിജെപി രണ്ട് തട്ടിലാണ്‌. അതേസമയം വി ആർ വിജയകുമാറിനെതിരേ പാർട്ടി അച്ചടക്കനടപടിയെടുക്കാനും സാധ്യതയുണ്ട്.

ബുധനാഴ്ച തൃപ്പൂണിത്തുറയിലെ ബിജെപി ഓഫീസിൽ പാർട്ടി ജില്ലാ കോർ കമ്മിറ്റിയും മണ്ഡലം കോർ കമ്മിറ്റിയും കൗൺസിലർമാരും ഒരുമിച്ചുള്ള യോഗം നടന്നു. തന്റെ ഭാഗം വി ആർ വിജയകുമാർ വിശദീകരിച്ചു. ഏഴ് കൗൺസിലർമാർ ഇദ്ദേഹത്തിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഇത്. ഒരംഗം എത്തിയിരുന്നില്ല. മറ്റ് മൂന്നുപേർ വിജയകുമാറിനെ അനുകൂലിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top