31 March Tuesday

ജാതി വിവേചനം; പത്തനംതിട്ടയിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

സ്വന്തം ലേഖകൻUpdated: Friday Feb 21, 2020

കോഴഞ്ചേരി > ജാതിവിവേചനം അസഹ്യമായതിനെ തുടർന്ന്‌ ബിജെപിയുടെ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. ചേക്കുളം പാറക്കാലായിൽ പി എ സന്തോഷ് കുമാറാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ രാജി വച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ് എന്നിവർക്ക് രാജിക്കത്ത് ഓഫീസുകളിലെത്തി കൈമാറിയത്. കഴിഞ്ഞ 17 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ചേക്കുളം ബൂത്ത് പ്രസിഡന്റ്, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2017 മുതൽ കോഴഞ്ചേരിയിൽ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു. എസ്എൻഡിപി സമുദായംഗമായ ഇദ്ദേഹം സ്ഥാനമേറ്റതുമുതൽ സവർണവിഭാഗം ജാതീയമായ വേർതിരിവ് കാണിച്ചു തുടങ്ങിയിരുന്നുവെന്നാണ്‌ ആരോപണം. കാർപെന്ററായ ഇദ്ദേഹം ജോലി പോലും ഉപേക്ഷിച്ച് സംഘടനാ പ്രവർത്തനം നടത്തിവരികയായിരുന്നു.

എക്സിക്യൂട്ടീവ്കമ്മിറ്റികളിൽ പോലും വിവിധ വിഷയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ മറ്റ്‌ രാഷ്ട്രീയ കക്ഷികളെ അറിയിച്ച് ഒറ്റുകൊടുക്കാൻ ശ്രമിച്ചതായും കുതികാൽവെട്ട് നടത്തിയതായും രാജിക്കത്തിൽ സന്തോഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ മറവിൽ നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ട്. ഈ കള്ളത്തരങ്ങളെ അംഗീകരിക്കാത്തതും സവർണമേലാളൻമാരുടെ എതിർപ്പിന് കാരണമാണെന്നും സന്തോഷ് രാജിക്കത്തിൽ പറയുന്നു.
 
 
പ്രധാന വാർത്തകൾ
 Top