21 September Monday

സ്വർണക്കടത്ത്‌ കേസ്‌: മുരളീധരന്റെ നിലപാടിനെച്ചൊല്ലി ബിജെപിയിൽ ഉരസൽ

സ്വന്തം ലേഖകൻUpdated: Tuesday Aug 4, 2020

തിരുവനന്തപുരം> സ്വർണക്കടത്തു കേസിൽ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനെതിരെ‌ ബിജെപിക്കുള്ളിൽ പടയൊരുക്കം. കേസിൽ തുടക്കം മുതൽ നടത്തിയ ഒളിച്ചുകളിയിൽ നിന്ന്‌ തലയൂരാൻ മുരളീധരൻ ഉന്നയിക്കുന്ന വാദമുഖങ്ങൾ ബിജെപിയുടെ നില കൂടുതൽ പരുങ്ങലിലാക്കി‌.

കേസിൽ വിദേശമന്ത്രാലയത്തിന്‌ ഒരു പങ്കുമില്ലെന്നും ആഭ്യന്തര മന്ത്രാലയമാണ്‌ ഉത്തരവാദിയെന്നുമുള്ള മുരളീധരന്റെ ചാനൽ പരാമർശം ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചു‌. സംസ്ഥാനത്തെ എതിർപക്ഷം ഇതിന്റെ വീഡിയോ ക്ലിപ്പിങ്ങും പത്രവാർത്തകളും സഹിതം ദേശീയ നേതൃത്വത്തിന്‌ മുന്നിലെത്തിച്ചിട്ടുണ്ട്‌.

അതേസമയം, മുഖ്യ ആസൂത്രകനായ ഫൈസൽ ഫരീദിനെ പ്രതിചേർത്ത്‌‌ ആഴ്‌ചകൾ കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയം താൽപ്പര്യം കാട്ടാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യം  ഉയരുന്നുണ്ട്‌. യുഎഇ കോൺസലേറ്റിലെ അറ്റാഷെയുടെ നമ്പറിൽ സ്വർണക്കടത്തുകാർ വിളിച്ചതായി രേഖയുണ്ടായിട്ടും അദ്ദേഹത്തെക്കുറിച്ച്‌ ഒരു സംശയവുമില്ലെന്ന്‌ കേന്ദ്രമന്ത്രി സ്ഥാപിക്കാൻ ശ്രമിക്കുന്നതിലും സംശയമുണ്ട്‌‌.

കൂടുതൽ തെളിവുകൾ അറ്റാഷെയിൽ നിന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുന്നത്‌ തടയാനാണ്‌ അറ്റാഷെയ്‌ക്ക്‌ ഇന്ത്യ വിടാൻ അവസരം നൽകിയതെന്നും ആക്ഷേപമുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top