06 August Friday
നൂറോളം മണ്ഡലത്തിൽ ‘ജന്മഭൂമി’യിലൂടെ
പ്രചാരണത്തിന്‌ നിശ്‌ചയിച്ചത്‌ 10 ലക്ഷം വീതം

ബിജെപി കള്ളപ്പണം : ‘ജന്മഭൂമി’യുടെ പേരിൽ മുക്കിയത്‌ 10 കോടി ; പത്രത്തിന്‌ നൽകിയത്‌ നാമമാത്ര തുക

പ്രത്യേക ലേഖകൻUpdated: Wednesday Jun 23, 2021


കണ്ണൂർ
നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ബിജെപി കേരളത്തിലേക്ക്‌ ഒഴുക്കിയ കുഴൽപ്പണത്തിൽ 10‌ കോടി മുക്കിയത്‌ ‘ജന്മഭൂമി’ ഫണ്ട്‌ എന്നപേരിൽ. ബിജെപി സ്ഥാനാർഥികൾ മൽസരിച്ച നൂറോളം മണ്ഡലങ്ങളിലേക്ക്‌ ശരാശരി 10 ലക്ഷം വീതമാണ്‌ ജന്മഭൂമി പത്രത്തിലൂടെയുള്ള പ്രചാരണത്തിനായി നിശ്ചയിച്ചത്‌. സപ്ലിമെന്റ്‌ ഇറക്കിയെങ്കിലും നാമമാത്രമായ തുകയാണ്‌ ‘ജന്മഭൂമി’ക്ക്‌ നൽകിയത്‌.

‘ജന്മഭൂമി’ ഫണ്ട്‌ ഉൾപ്പെടെ കേന്ദ്രത്തിൽനിന്നു വന്ന കോടികൾ കൈകാര്യംചെയ്‌തത്‌ ആർഎസ്എസ്‌ നേതാക്കളാണ്‌. ബിജെപിയിൽ സംഘടനാ ചുമതലയുള്ള ആഎസ്‌എസ്‌ പ്രതിനിധിക്കായിരുന്നു കുഴൽപ്പണത്തിന്റെ മൊത്തം ചുമതല.  ആർഎസ്‌എസ്‌ നേതൃത്വവുമായി ആലോചിച്ച്‌ പണം  രഹസ്യകേന്ദ്രങ്ങളിലേക്ക്‌ മാറ്റി.     ആർഎസ്‌എസ്‌ മുഖേനയല്ലാതെയുള്ള കുഴൽപ്പണവും  മറ്റുവഴികഴിലുടെ ലഭിച്ച കോടികളുമാണ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ കൈകാര്യം ചെയ്‌തത്‌. മഞ്ചേശ്വരം, ബത്തേരി മണ്ഡലങ്ങളിലെ കള്ളപ്പണ ഇടപാട്‌ പുറത്താവുകയുംചെയ്‌തു.  കൊടകര കുഴൽപ്പണ ഇടപാട്‌ നടത്തിയ ധർമരാജൻ ഒരേസമയം ആർഎസ്‌എസ്സിന്റെയും കെ സുരേന്ദ്രന്റെയും കടത്തുകാരനായി പ്രവർത്തിച്ചു.

2014–-ൽ കേന്ദ്രത്തിൽ ബിജെപിഅധികാരത്തിൽ വന്നശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കുഴൽപ്പണം ഒഴുക്കിയിട്ടുണ്ട്‌. ഇതിൽ വലിയൊരുഭാഗം തെരഞ്ഞെടുപ്പാവശ്യത്തിന്‌ ഉപയോഗിക്കാറില്ല. കേരളത്തിലേക്ക്‌ 2016–-ൽ ലഭിച്ച തുകയിൽനിന്ന്‌ മൂന്ന്‌ കോടിയോളമാണ്‌ ‘കണ്ണൂർ പീഡിത സഹായനിധി’യിലേക്ക്‌ മാറ്റിയത്‌. പീഡിപ്പിക്കപ്പെട്ടതായി പറയുന്നവരെ കാര്യമായി സഹായിച്ചുമില്ല. കൊടകര മാതൃകയിൽ കുഴൽപ്പണ  കൊള്ളയടി‌ ബിജെപിയിൽ മുമ്പും നടന്നിട്ടുണ്ട്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ കൊണ്ടുവന്ന‌ 1. 60 കോടി  കൊള്ളയടിച്ചത്‌ സേലത്താണ്‌.‌ പരാതി നൽകാത്തതുകൊണ്ട്‌ പുറംലോകമറിഞ്ഞില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top