26 October Monday

ധനലക്ഷമി ബാങ്ക് പ്രതിസന്ധി: കേന്ദ്ര വിജിലന്‍സ് അന്വേഷണം വേണം: ബെഫി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

തിരുവനന്തപുരം> അതതു സമയങ്ങളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കുന്നതില്‍ അലംഭാവം കാണിച്ച റിസര്‍വ്വ് ബാങ്കിന്റെ നിഷ്‌ക്രിയ സമീപനങ്ങളാണ് ധനലക്ഷമി ബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) . ഈ സ്വകാര്യ ബാങ്കില്‍ നടന്നിരുന്ന വായ്പാ ക്രമക്കേടുകള്‍, നൈതികതയില്ലാത്ത ബാങ്ക് പ്രവൃത്തികള്‍, വഴിവിട്ട നിയമനങ്ങള്‍, ഉന്നത ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ എന്നിവയെല്ലാം തത്സമയങ്ങളില്‍ തന്നെ തെളിവു സഹിതം റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിച്ചിട്ടുള്ളതാണ്.

വിസില്‍ ബ്ലോവര്‍ പോളിസി മുഖാന്തിരവും അല്ലാതെയും ഒട്ടനവധി നിവേദനങ്ങളും പരാതികളും അക്കാലങ്ങളിലൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍ ചെയ്തിട്ടുള്ളത്. ആ കുറ്റകരമായ മൗനം മൂലമാണ് ഈ സ്ഥാപനം ക്ഷയിക്കാനും ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ ദുഷ്‌ചെയ്തികള്‍ അഭംഗുരം തുടരാനും വഴിയൊരുക്കിയത്. ഇത്തരം നീചകൃത്യങ്ങളില്‍ ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട ചീഫ് ജനറല്‍ മാനേജര്‍ പി.മണികണ്ഠന്റെ പങ്ക് കുപ്രസിദ്ധമാണ്, അപലപനീയമാണ്.

സത്യസന്ധനായ ഒരു സീനിയര്‍ മാനേജരെ ഒരു വിശദീകരണവും ചോദിക്കാതെ പൊടുന്നനെ പിരിച്ചുവിട്ട നടപടി ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. 2015 ജൂണ്‍ മാസത്തില്‍ ഓഫീസര്‍ സംഘടനാ നേതാവായിരുന്ന പി.വി.മോഹനനെ പിരിച്ചുവിട്ടത്, ബാങ്കില്‍ നടന്ന വായ്പാ ക്രമക്കേടുകളെപ്പറ്റിയും അഴിമതിയെക്കുറിച്ചും നിയമാനുസൃതം റിസര്‍വ്വ് ബാങ്കിനെ അറിയിച്ചതിന്റെ പേരിലായിരുന്നു.

 കേരള മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിറക്കിയ കത്തില്‍, ബാങ്കിനകത്തെ അരുതായ്മകളെ കുറിച്ചും അവയില്‍ പി. മണികണ്ഠന്റെ പങ്കിനെപറ്റിയും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. റിസര്‍വ്വ് ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇ.മാധവന്‍, എസ്ബിടി യുടെ  മുന്‍ മേധാവി സജീവ് കൃഷ്ണന്‍ എന്നിവരടക്കം ധാരാളം പേര്‍ ഈ ബാങ്കില്‍ നിന്ന് പുറത്തു പോകേണ്ടി വന്നതിലും പിരിച്ചുവിടപ്പെട്ട ചീഫ് ജനറല്‍ മാനേജരുടെ കുത്തിത്തിരിപ്പുകളായിരുന്നു യഥാര്‍ത്ഥ കാരണങ്ങള്‍.

സത്യസന്ധരായ വ്യക്തിത്വങ്ങളെ ഈ ബാങ്കില്‍ വാഴാന്‍ അനുവദിക്കാറില്ല എന്നതാണ് വസ്തുത.ബാങ്കില്‍ 2 മാസം മുമ്പ് നിയമിതനായ മാനേജിംഗ് ഡയറക്ടറും, പിരിച്ചു വിടപ്പെട്ട ചീഫ് ജനറല്‍ മാനേജരും തമ്മില്‍ അധികാര തര്‍ക്കത്തിന്മേലുള്ള ശീതസമരമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ  കാരണം. പുതിയ എംഡി യുടെ നിയമനം റദ്ദാക്കാന്‍ ഈ മാസം 30 ന് നടക്കുന്ന ബാങ്ക് ജനറല്‍ ബോഡി യോഗത്തില്‍ നീക്കം നടക്കുന്ന വേളയിലാണ് അടിയന്തരമായ റിസര്‍വ്വ് ബാങ്ക് ഉത്തരവും, പിരിച്ചുവിടലിനെ രാജിയായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന നടപടികള്‍ മിന്നല്‍വേഗതയില്‍ നടപ്പാക്കിയിട്ടുള്ളത്.

ഇക്കാര്യത്തിലൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ടീയ ഇഛ പുറപ്പെടുവിക്കുന്ന ഉപകരണമായി റിസര്‍വ്വ് ബാങ്ക് തരം താഴുന്നതായി കാണാം.നിക്ഷിപ്ത താല്‍പര്യക്കാരുടെ വഴിവിട്ട ചെയ്തികളും അവയെ കണ്ടില്ലെന്ന് നടിക്കുന്ന റിസര്‍വ്വ് ബാങ്കിന്റെ  മെല്ലെപ്പോക്ക് നയവുമാണ് രാജ്യത്തെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ അധാര്‍മികത്തിലേക്കും തകര്‍ച്ചയിലേക്കും നീങ്ങാന്‍ ഇടയായിട്ടുള്ളത്. റിസര്‍വ്വ്  ബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനം സാധ്യമാകാത്ത സാഹചര്യത്തിന് രാജ്യം നല്‍കുന്ന വിലയാണിത്. നിരപരാധികളായ ജീവനക്കാരും ഇടപാടുകാരുമാണ് പ്രയാസങ്ങളില്‍പ്പെട്ട് നരകിക്കേണ്ടി വരുന്നത്. ധനലക്ഷമി ബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിയുടെ പിന്നാമ്പുറങ്ങളെപ്പറ്റി സമഗ്രമായ വിധം  കേന്ദ്ര വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബെഫി  ആവശ്യപ്പെട്ടു. ഇത്തരം ദുരനുഭവങ്ങള്‍ ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനായി ഒരു മാനുവല്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും റിസര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനം സ്വതന്ത്രവും കാര്യക്ഷമവുമാക്കണമെന്നും  ബെഫി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top