27 May Monday

ബെഫി ദേശീയ സമ്മേളന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

തിരുവനന്തപുരം> ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം 2019 ജനുവരി 28 മുതല്‍ 31 വരെ തിരുവനന്തപുരത്ത് ടാഗോര്‍ തിയറ്ററില്‍ വെച്ച് നടക്കും. 20 വര്‍ഷം മുന്‍പ് എറണാകുളത്ത് നടന്നതിനു ശേഷം ആദ്യമായാണ് ബെഫി ദേശീയ സമ്മേളനം കേരളത്തില്‍ നടക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊതുമേഖലാ, സ്വകാര്യ, നവസ്വകാര്യ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെയും റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെയും പ്രതിനിധികളും നിരീക്ഷകരും വിദേശ നിരീക്ഷകരും അടക്കം ആയിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 'കോര്‍പ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക, ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക' എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.

28ന് വൈകീട്ട് 5 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന റാലി പുത്തരിക്കണ്ടം ഇ.കെ.നയനാര്‍ സ്മാരക പാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം സ്വാഗതം ആശംസിക്കും.

29ന് സമ്മേളന വേദിയായ ടാഗോര്‍ തിയറ്ററില്‍ രാവിലെ 9.30ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമ്മേളന പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 10 മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം ചെയ്യും.ബെഫി ദേശീയ ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എസ്.അനില്‍ എന്നിവര്‍ ഉള്‍പ്പെടെ ബെഫിയുടെ എല്ലാ ദേശീയ സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

30ന് രാവിലെ 10 മണിക്ക് നടക്കുന്ന വനിതാ സമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.  31ന് നടക്കുന്ന സംഘടനാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സാംസ്‌കാരിക സന്ധ്യയും ഒരുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായുള്ള യുവാക്കളുടെ ഇരുചക്രവാഹന വിളംബര റാലി ജനുവരി 24ന് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നടക്കും. ബെഫി സംസ്ഥാന വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശാഖാ സന്ദര്‍ശനം ജനുവരി 25 വരെ നടക്കും.

 


പ്രധാന വാർത്തകൾ
 Top