18 November Monday
തട്ടുകട ഉടമയെയും തൊഴിലാളിയെയും മർദിച്ചു

ബീഫ്‌ കറി വിറ്റതിന്‌ വാഴക്കുളത്ത്‌ ആർഎസ്‌എസ്‌ ആക്രമണം

സ്വന്തം ലേഖകൻUpdated: Sunday Oct 13, 2019

മൂവാറ്റുപുഴ > ബീഫ് കറി വിറ്റതിന്‌ ആർഎസ്‌എസ്‌ പ്രവർത്തകൻ തട്ടുകട ഉടമയെയും തൊഴിലാളിയെയും മർദിച്ചു. പരിക്കേറ്റ തൊഴിലാളി സോനു ടോമിയെ (19) മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കടയുടമ രാജുവിനെയും ആക്രമിച്ചു. വാഴക്കുളത്ത് കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന അരുൺ ശ്രീധരനാണ് ആക്രമണം നടത്തിയത്. ഇയാൾക്കെതിരെ വാഴക്കുളം പൊലീസ്‌ കേസെടുത്തു.

വെള്ളിയാഴ്‌ച രാത്രി എട്ടോടെ വാഴക്കുളം കല്ലൂർക്കാട്‌ കവലയിലാണ്‌ സംഭവം. ഇവിടെയുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ അരുണിന്‌ കപ്പയും ബീഫും നൽകിയപ്പോഴായിരുന്നു ആക്രമണം. ബീഫ്‌ വിൽക്കരുതെന്ന്‌ ആക്രോശിച്ച്‌  പാത്രംകൊണ്ട്‌ സോനുവിന്റെ തലയ്‌ക്കടിച്ചു. പിടിച്ചു മാറ്റാനെത്തിയപ്പോഴാണ്‌ കടയുടമ രാജുവിന്‌ മർദനമേറ്റത്‌. നാട്ടുകാർ സംഘടിച്ച്‌ എത്തിയപ്പോഴേക്കും അരുൺ രക്ഷപ്പെട്ടു. പിന്നീട്‌ ആർഎസ്‌എസ്‌ ക്രിമിനലുകൾ കടയിലെത്തി ഭീഷണി മുഴക്കി.  ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വാഴക്കുളത്ത് പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അനീഷ് എം മാത്യു, സെക്രട്ടറി സജി ഏലിയാസ്, ട്രഷറർ ഫെബിൻ പി മൂസ, ജഗൻ ജോഷി എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top