23 August Friday

എൻഡിഎയിൽ കലഹം:വയനാട്ടിൽ ബിജെപി കാലുവാരിയെന്ന‌് ബിഡിജെഎസ‌്

സ്വന്തം ലേഖകൻUpdated: Friday May 3, 2019

കൽപ്പറ്റ
തെരഞ്ഞെടുപ്പ‌് ചൂട‌് കഴിഞ്ഞതോടെ എൻഡിഎയിലെ പൊട്ടിത്തറി പുറത്തേക്ക‌്. വയനാട‌് മണ്ഡലത്തിൽ ബിജെപി കാലുവാരിയെന്ന ആരോപണവുമായി ബിഡിജെഎസ‌് നേതാക്കൾ പരസ്യമായി രംഗത്തെത്തി. മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി എത്തിയത‌് മുതൽ പലയിടത്തായി ബിജെപിയും ബിഡിജെഎസും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. ഇത‌് വോട്ടെടുപ്പ‌് ദിവസത്തിലടക്കം പ്രകടമായി. ബിഡിജെഎസ‌് ജില്ലാ പ്രസിഡന്റ‌് എൻ കെ ഷാജി  ബിജെപിക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിന്റെ ആദ്യവസാനം ബിജെപി തങ്ങളെ വഞ്ചിച്ചതായി ഷാജി  മാധ്യമങ്ങളിലൂടെ തുറന്നടിച്ചു.
‘വയനാട‌് മണ്ഡലത്തിൽ എൻഡിഎ സംവിധാനം പൂർണ പരാജയമായിരുന്നു.

വോട്ട‌് കുറഞ്ഞാൽ പൂർണ ഉത്തരവാദിത്തം ബിജെപി നേതാക്കൾക്കായിരിക്കും. സ്ഥാനാർഥിയുടെ ചിഹ്നം താമര അല്ലാത്തതുകൊണ്ടുതന്നെ ‘കുടം’ വോട്ടർമാരിൽ നല്ല രീതിയിൽ പരിചയപ്പെടുത്തേണ്ടതായിരുന്നു. ഇക്കാര്യം തുടക്കം മുതൽ തന്നെ എൻഡിഎ യോഗങ്ങളിലും ബിജെപി നേതാക്കളോടും  ആവശ്യപ്പെട്ടുവെങ്കിലും ആരും ചെവിക്കൊണ്ടില്ല. അമിത‌് ഷാ ഉൾപ്പെടെ പരമാവധി ദേശീയ നേതാക്കളെ മണ്ഡലത്തിൽ എത്തിക്കാനായിരുന്നു തുടക്കത്തിലുണ്ടാക്കിയ തീരുമാനം. അതുണ്ടായില്ല. സ‌്മൃതി ഇറാനി റോഡ‌് ഷോയിൽ പങ്കെടുക്കുമെന്ന‌് പ്രചാരണം നടത്തിയെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ല.  സമ്മർദങ്ങൾക്കൊടുവിൽ നിർമല സീതാരാമനെ കൊണ്ടുവന്ന‌ുവെന്നു മാത്രം’–- ഷാജി പറഞ്ഞു.

തെരഞ്ഞെടുപ്പ‌് പര്യടനം പലയിടത്തും പ്രഹസനമായത‌് നേതാക്കൾ തമ്മിലുള്ള വാക‌്പോരിന‌് കാരണമായി. പരിപാടികൾക്കിടെ വേദിയിൽനിന്നും തുഷാർ ഇറങ്ങിപ്പോയതും ബിജെപിയിൽ എതിർപ്പിന‌് കാരണമായി. 
വാട‌്സ‌്ആപ്പ‌് ഗ്രൂപ്പുകളിൽ തുഷാറിനെതിരെ ക്യാമ്പയിൻ നടന്നു. പാർടിയുടെ മുഴുവൻ വോട്ടും തുഷാർവെള്ളാപ്പള്ളിക്ക‌് ലഭിച്ചില്ലെന്നത‌് ബിജെപി നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട‌്. താമര ചിഹ്നം ഇല്ലാത്തതുകൊണ്ടുതന്നെ കുറെ വോട്ട‌് രാഹുൽഗാന്ധിക്ക‌് പോയി. ഇതിനെ മറികടക്കുന്നതിന‌് ബിജെപിയുടെ നിസ്സഹകരണം തുറന്ന‌് പറഞ്ഞ‌് ഒരുമുഴം മുമ്പെ എറിയുകയാണ‌് ബിഡിജെഎസ‌്.


പ്രധാന വാർത്തകൾ
 Top