13 May Thursday

ബാലറ്റ്‌ അച്ചടി: ഉത്തരവാദിത്തം ചീഫ്‌ ഇലക്ടറൽ ഓഫീസർക്ക് ; കൃത്രിമത്തിന്‌ വഴിയില്ല

ലെനി ജോസഫ്‌Updated: Tuesday Apr 13, 2021


കോട്ടയം
ബാലറ്റ്‌ പേപ്പർ എത്ര അച്ചടിക്കണമെന്നു നിശ്‌ചയിക്കുന്നത്‌ അതതു നിയോജകമണ്ഡലത്തിലെ റിട്ടേണിങ്‌ ഓഫീസർമാർ. അത്‌ അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്‌. അതിന്‌ കൃത്യമായ കണക്കുമുണ്ടാകും. വോട്ടുചെയ്‌ത ബാലറ്റിന്റെ കൗണ്ടർ ഫോയിലും മിച്ചമുള്ള ബാലറ്റും ട്രഷറിയിൽ സൂക്ഷിക്കും. കോടതിയും മറ്റും ആവശ്യപ്പെട്ടാൽ അത്‌ ഹാജരാക്കും.

‘‘ ഈ സാഹചര്യത്തിൽ എങ്ങനെയാണ്‌ കൃത്രിമം നടക്കുന്നത്‌. അച്ചടിച്ച ബാലറ്റെല്ലാം തോന്നിയതുപോലെ നൽകി വോട്ടു കുത്തിയിടാമെന്നാണോ വ്യാജപ്രചാരണം നടത്തുന്നവർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്‌.’’–- പേരു വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഒരു തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥൻ ചോദിക്കുന്നു.എൽഡിഎഫിനെ പുകമറയിൽ നിർത്തിയാണ്‌ ചില മണ്ഡലങ്ങളിൽ കൂടുതൽ  ബാലറ്റ്‌ പേപ്പർ അച്ചടിച്ചുവെന്നു പ്രചരിപ്പിക്കുന്നത്‌.‌  ഉദാഹരണത്തിന്‌ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത്‌ 15,000 ബാലറ്റ്‌ പേപ്പർ കൂടുതൽ അച്ചടിച്ചുവെന്നാണ്‌ ഒരു പത്രത്തിന്റെ പ്രചാരണം. അങ്ങനെ പറയുന്നവർക്ക്‌ ധർമ്മടത്ത്‌ കൃത്യം എത്ര ബാലറ്റാണ്‌ വേണ്ടത്‌ എന്നുപറയാനുള്ള ബാധ്യതയുണ്ട്‌. 

എത്ര ബാലറ്റ്‌ പേപ്പർ വേണമെന്ന്‌ ഓരോ മണ്ഡലത്തിലെയും റിട്ടേണിങ്‌ ഓഫീസർമാർ കണക്കാക്കി ചീഫ്‌ ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയ്‌ക്കു നൽകുകയാണ്‌ ചെയ്യുന്നതെന്ന്‌ ചേർത്തല ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറും തഹസിൽദാറുമായ പി ജി രാജേന്ദ്രബാബു പറഞ്ഞു.

അതേസമയം ടെണ്ടർ വോട്ടിനായി എല്ലായിടത്തും പത്ത്‌ ബാലറ്റ്‌ പേപ്പറല്ല നൽകിയത്‌‌ എന്നതാണ്‌ പ്രാധാന്യമുള്ള മറ്റൊരു കാര്യം. ചിലയിടങ്ങളിൽ 20 എണ്ണം നൽകി. അത്‌ അതത്‌ മണ്ഡലങ്ങളിലെ റിട്ടേണിങ്‌ ഓഫീസർമാരുടെ തീരുമാനമാണ്‌.  ഉദാഹരണത്തിന്‌ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ഓരോ ബൂത്തിലും 20 ബാലറ്റു പേപ്പർ വീതമാണ്‌ നൽകിയത്‌. തന്റെ ബൂത്തിലും സമീപ ബൂത്തുകളിലും ടെണ്ടർ വോട്ടിനായി 20 ബാലറ്റുവീതമാണ്‌ നൽകിയതെന്ന്‌ നേമം മണ്ഡലത്തിലെ അറുപതാം നമ്പർ ബൂത്തിലെ പ്രിസൈഡിങ്‌ ഓഫീസർ സിനി ജോർജ്‌ പറഞ്ഞു. എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിലും 20 ടെൻഡർ ബാലറ്റുകൾ വീതമാണ്‌ ഓരോ ബൂത്തിലും നൽകിയത്‌.   പറവൂർ ഒൻപതാം നമ്പർ ബൂത്തിൽ 20 ബാലറ്റുപേപ്പർ നൽകിയതായി റിട്ടേണിങ്‌ ഓഫീസർ കരിം അബ്ദുൾ ഖാദർ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top