12 November Tuesday

Video-ആർഎസ‌്എസിന്റെ ബാലഭവനിൽ കുട്ടികൾക്ക‌് ക്രൂരപീഡനമെന്ന‌് രക്ഷിതാക്കൾ; വാർഡൻ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

കോതമംഗലം> ആർഎസ‌്എസ‌് നിയന്ത്രണത്തിൽ തൃക്കാരിയൂരിൽ പ്രവർത്തിക്കുന്ന പ്രഗതി ബാലഭവനിൽ കുട്ടികൾ ക്രൂരപീഡനം നേരിടുന്നതായി രക്ഷിതാക്കൾ. സ്ഥാപനത്തിൽനിന്ന‌് മൂന്നുദിവസത്തിനിടെ രണ്ടുതവണയായി രക്ഷപ്പെട്ടോടിയ കുട്ടികളുടെ രക്ഷിതാക്കളുടേതാണ‌് വെളിപ്പെടുത്തൽ. രക്ഷിതാക്കളുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ വാർഡൻ തൃശൂർ ആമ്പല്ലൂർ വെണ്ടൂർ പള്ളിവളപ്പിൽ പി കെ സുബ്രനെ(58) കോതമംഗലം പൊലീസ‌് അറസ‌്റ്റ‌്ചെയ‌്തു.

കുട്ടികളെ ആക്രമിക്കൽ, ആയുധംകെണ്ടോ അല്ലാതെയൊ മുറിവേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക‌് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 324 വകുപ്പുകളും ബാലാവകാശ നിയമത്തിലെ 75ാം വകുപ്പും ചുമത്തിയാണ‌് ഇയാളെ അറസ‌്റ്റ‌്ചെയ‌്തത‌്. കുട്ടികളെ ചൂരലുകൊണ്ടും അല്ലാതെയും മർദിക്കാറുണ്ടെന്നും കഴുത്തിൽ പിടിമുറുക്കി ഭീഷണിപ്പെടുത്താറുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. വിഷുവിന‌് വീട്ടിലെത്തിയപ്പോൾ പീഡനവിവരം മകൻ പറഞ്ഞിരുന്നതായും നിവൃത്തികേടുകൊണ്ടാണ‌് വീണ്ടും അങ്ങോട്ട‌് പറഞ്ഞയച്ചതെന്നും രക്ഷപ്പെട്ടൊടിയ രണ്ടുകുട്ടികളുടെ രക്ഷിതാവ‌് പറഞ്ഞു.

ഇളയകുട്ടിയെയും മർദിച്ചതായും ഇദ്ദേഹം പറഞ്ഞു. ഒമ്പതിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികളാണ‌് പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ടത‌്. കുട്ടികളെ ഇനി സ്ഥാപനത്തിലേക്ക‌് അയക്കില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സ്ഥാപനത്തിൽനിന്ന‌് തിങ്കളാഴ‌്ച രാത്രി രക്ഷപ്പെട്ട മൂന്നുകുട്ടികളെ പൊലീസ‌് കണ്ടെത്തി നടത്തിപ്പുകാർക്കൊപ്പം പറഞ്ഞയച്ചിരുന്നു. ഇവരിൽ ഒരാളുടെ സഹോദരനും മറ്റു മൂന്നുകുട്ടികളുമാണ‌് ബുധനാഴ‌്ച വീണ്ടും രക്ഷപ്പെട്ടോടിയത‌്. ഇവരെ എട്ടുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന‌് കണ്ടെത്തി. പേടിച്ചരണ്ട‌് മിണ്ടാൻപോലും കഴിയാത്ത അവസ്ഥയിലായ കുട്ടികൾ ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നുവെന്ന‌ും രക്ഷിതാക്കൾ പറഞ്ഞു. കുട്ടികളെ വടികൊണ്ടും അല്ലാതെയും ശരീരമാസകലം മർദിക്കാറുണ്ട‌്. പൊലീസ‌് കണ്ടെത്തുമ്പോൾ കുട്ടികളിൽ ഒരാൾ ഛർദിച്ച‌് തീർത്തും അവശനായിരുന്നു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച‌് പ്രഥമശുശ്രൂഷ നൽകിയശേഷമാണ‌് മജിസ‌്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയത‌്.

കുട്ടികളെ  കാണാതായ വിവരമറിഞ്ഞ‌് കേസെടുത്ത കോതമംഗലം പൊലീസ‌് കുട്ടികളെ കണ്ടെത്തിയെങ്കിലും ഭയംമൂലം പീഡനത്തെക്കുറിച്ച‌് പറയാൻ കുട്ടികൾ തയ്യാറായില്ല. പിന്നീട‌് മജിസ‌്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴും രക്ഷിതാക്കളോടും ക്രൂരമർദനത്തെക്കുറിച്ച‌് വെളിപ്പെടുത്തി. മജിസ‌്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികളെ പെരുമ്പാവൂർ സ‌്നേഹജ്യോതി അഭയകേന്ദ്രത്തിലേക്ക‌് മാറ്റി.

ആദിവാസി വിഭാഗക്കാരുൾപ്പെടെ 26 ആൺകുട്ടികളാണ‌് സ്ഥാപനത്തിലെ അന്തേവാസികൾ. സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങളിലെ കുട്ടികളാണ‌് ഇവർ. മികച്ച വിദ്യാഭ്യാസവും സംരക്ഷണവും വാഗ‌്ദാനംചെയ‌്ത‌് താമസിപ്പിച്ചിട്ടുള്ള കുട്ടികൾ രണ്ടുതവണ സ്ഥാപനത്തിൽനിന്ന‌് ഇറങ്ങിയോടിയത‌് സുരക്ഷാ വീഴ‌്ചയിലേക്കാണ‌് വിരൽചൂണ്ടുന്നത‌്.

കുട്ടികളെ കാണാതായതിന‌് കേസെടുത്ത കോതമംഗലം പൊലീസ‌് സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. ആർഎസ‌്എസ‌് നിയന്ത്രണത്തിലുള്ള സേവാകിരൺ ചാരിറ്റബിൾ ട്രസ‌്റ്റിനു കീഴിലാണ‌് ബാലഭവൻ പ്രവർത്തിക്കുന്നത‌്. ഇതേ ട്രസ‌്റ്റിനു കീഴിലുള്ള സ‌്കൂളിലാണ‌് കുട്ടികളെ പഠിപ്പിക്കുന്നത‌്. കുട്ടികളെ ആർഎസ‌്എസിന്റെ ശാഖയ‌്ക്കും മറ്റും നിർബന്ധിച്ച‌് പങ്കെടുപ്പിക്കുന്നതായും ഇതിന‌് വിസമ്മതിക്കുന്നവരെ പീഡിപ്പിക്കാറുണ്ടെന്നും വിവരമുണ്ട‌്.

അതേസമയം ബാലഭവനിൽനിന്ന‌് കുട്ടികൾ പീഡനം മൂലം രക്ഷപ്പെടുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ശനിയാഴ‌്ച സ്ഥലത്ത‌് തെളിവെടുപ്പു നടത്തും. ബാലഭവൻ നടത്തിപ്പുകാർ, താമസക്കാരായ കുട്ടികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്ന‌് മൊഴിയെടുക്കുമെന്ന‌് ശിശുക്ഷേമസമിതി ഉപാധ്യക്ഷൻ കെ എസ‌് അരുൺകുമാർ അറിയിച്ചു. പൊലീസിൽനിന്നും വിവരങ്ങൾ തേടും. സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികൾക്കു നേരെയുണ്ടായ ശാരീരികവും മാനസികവുമായ പീഡനങ്ങൾ എന്നിവ പരിശോധിച്ച‌് സർക്കാരിന‌് റിപ്പോർട്ട‌് സമർപ്പിക്കും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top