19 November Tuesday

മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; കേരളത്തിലും ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

തിരുവനന്തപുരം >  മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ് അറിയിച്ചു. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പൊലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്. 

 അതിർത്തിയിൽ  അതീവ സുരക്ഷ ഏർപ്പെടുത്താൻ സംസ്ഥാന പൊലീസ്‌ മേധാവി ജില്ലാ പൊലീസ്‌ മേധാവിമാരോട്‌ നിർദേശിച്ചു. സംശയം തോന്നുന്ന വാഹനങ്ങൾ പരിശോധിക്കാനും സാമൂഹ്യമാധ്യമങ്ങൾ  നീരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്‌.

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും  എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ  ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top