കൊച്ചി > അട്ടപ്പാടിയിൽ വികസനക്ഷേമപദ്ധതികൾ നടപ്പാക്കാനും ഏകോപിപ്പിക്കാനും മുഴുവൻസമയ നോഡൽ ഓഫീസറെ നിയമിക്കണമെന്ന് അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുക്കാലിൽ ആദിവാസിയുവാവ് മധുവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ്ക്യൂറി അഡ്വ. പി ദീപക് റിപ്പോർട്ട് സമർപ്പിച്ചത്.
സാമൂഹിക ഓഡിറ്റിങ് നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്യുന്നു. 1962ൽ അട്ടപ്പാടി ബ്ലോക്ക് നിലവിൽവന്നശേഷം ഇതുവരെ പ്രോജക്ട് ഓഫീസറെ നിയമിച്ചിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥനെ പ്രോജക്ട് ഓഫീസറായി നിയമിക്കണമെന്നും ഈ ഉദ്യോഗസ്ഥൻതന്നെ നോഡൽ ഓഫീസറായി പ്രവർത്തിക്കണമെന്നും ശുപാർശയുണ്ട്.
നോഡൽ ഓഫീസർ അട്ടപ്പാടിയിൽ താമസിച്ച് ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. വികസനപിന്നോക്കാവസ്ഥയ്ക്ക് കാരണം ഫണ്ടിന്റെ കുറവല്ല; ഫലപ്രദമായി ഫണ്ട് വിനിയോഗിക്കാത്തതാണ് പ്രശ്നം. ഗുണഭോക്താക്കൾ ആദിവാസികൾതന്നെയാണെന്ന് ഉറപ്പാക്കണം. രാഷ്ട്രീയക്കാരും കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ഇതുമൂലം പദ്ധതികളുടെ ഗുണഫലം ആദിവാസികളിലെത്തുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമൂഹ്യഓഡിറ്റിങ്ങിന് 48 വാർഡുകളിൽനിന്നായി അഭ്യസ്തവിദ്യരായ രണ്ടു യുവാക്കളെവീതം തെരഞ്ഞെടുത്ത് പരിശീലനം നൽകണം.
തുടർന്ന് പൊതുഹിയറിങ് നടത്തി പരിഹാരം കണ്ടെത്തണം. വിവിധ വകുപ്പുകൾ നടപടിറിപ്പോർട്ട് മാസാമാസം ചീഫ്സെക്രട്ടറിക്ക് നൽകണമെന്നും ചീഫ്സെക്രട്ടറി ആറുമാസത്തിലൊരിക്കൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും ശുപാർശയുണ്ട്.
ഹൈക്കോടതിയുടെയും സർക്കാരിന്റെയും മേൽനോട്ടം മൂന്നുവർഷം തുടർന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..