02 August Monday

അസമിൽ മലയാളി പ്രിൻസിപ്പാളിനെ മർദ്ദിച്ചു; 3 അധ്യാപകർ അടക്കം നാലുപേര്‍ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ഡിബ്രുഗർ > അസമിൽ മലയാളി സ്‌കൂൾ പ്രിൻസിപ്പാളിനെ മർദ്ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല്‌ സഹ അധ്യാപകർ അറസ്‌റ്റിൽ. ഉദ്‌മരി ജവഹർ നവോദയ സ്‌കൂൾ പ്രിൻസിപ്പാൾ പി രാജേഷിന്‌ നേരെയാണ്‌ കോമ്പൗണ്ടിനകത്ത്‌ വച്ചുതന്നെ ആക്രമണം ഉണ്ടായത്‌. സ്കൂളില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകരാണ്  മര്‍ദ്ദിച്ചത്. രാജേഷിന്‌ മംഗലാപുരത്തേക്ക് സ്ഥലംമാറ്റമാണ്. അവിടേക്ക് പോകുന്നതിനു മുമ്പായിരുന്നു ആക്രമണം.

സംഭവത്തിൽ അധ്യാപകരായ കലൂറാം മീണ, മദൻലാൽ ഗുപ്‌ത, നവ്‌നീത്‌ കുമാർ, ഒരു അധ്യാപികയുടെ ഭര്‍ത്താവ് മാനവേന്ദ്ര ഗോസ്വാമി എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സ്കൂള്‍ വളപ്പിലെ ക്വാര്‍ട്ടെഴ്സില്‍ താമസിക്കുന്ന രാജേഷിനെ ഇവര്‍ ആദ്യം പൂട്ടിയിട്ടു.പിന്‍വാതിലിലൂടെ പുറത്തിറങ്ങുമ്പോള്‍ പിടികൂടി പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിച്ചു. രണ്ട് അധ്യാപികമാര്‍ എത്തി മര്‍ദ്ദനം വിഡിയോയില്‍ പകര്‍ത്തി. ബഹളം കേട്ട്  ഓടിയെത്തിയ മറ്റ് അധ്യാപകരാണ് രക്ഷിച്ചത്. നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത ഒരു അധ്യാപികയെ ഇവര്‍ ആക്രമിച്ചിരുന്നു. ആ കേസ് പിന്‍വലിക്കാന്‍ കൂട്ടുനിന്നില്ല എന്നതാണ് രാജേഷിനോടുള്ള വിരോധത്തിനു കാരണം എന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. ജോലിയിലെ വീഴ്ചയ്ക്ക് 2019 ല്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തതും വിരോധത്തിനു കാരണമായി. കഴിഞ്ഞ 18 നാണ്‌ സംഭവം. മർദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാജേഷിന്റെ  ഫോണ്‍ പ്രതികള്‍ തട്ടിയെടുത്തിരുന്നു. അറസ്റ്റിലായ ഒരു അധ്യാപകനില്‍ നിന്ന് ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

2012 ൽ നവോദയ വിദ്യാലയ സമിതിയുടെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്‌ നേടിയ ആളാണ്‌ പി രാജേഷ്‌. നേരത്തെ കാസർകോട്‌ നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പാളായിരുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top